വി എസും പിണറായിയും മത്സരിക്കുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും: സി പി ഐ

Posted on: February 11, 2016 9:29 am | Last updated: February 11, 2016 at 9:29 am

cpiന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം നേതാക്കളായ വി എസ് അച്ച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന് സി പി ഐ ദേശീയ നേതൃത്വം. നിലവിലെ സാഹചര്യത്തില്‍ വി എസും പിണറായിയും മത്സര രംഗത്തുണ്ടാകുന്നത് മുന്നണിക്ക് നല്ലതാണെന്നാണ് സി പി ഐ ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. വി എസിന് പ്രായവും പിണറായിക്ക് ലാവ്‌ലിന്‍ കേസും മത്സരിക്കാന്‍ തടസ്സമാകില്ലെന്നും സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടു.

അതേസമയം ആരെല്ലാം മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സി പി എമ്മും എല്‍ ഡി എഫുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവും ഏറെ ജനകീയനുമായ വി എസ് മത്സരിക്കുന്നതിന് പ്രായം ഒരു തടസ്സമല്ല. 90 വയസ്സ് പിന്നിട്ടിട്ടും വി എസ് രാഷ്ട്രീയത്തില്‍ സജീവമാണെന്നത് തന്നെ അദ്ദേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. സോളാര്‍കേസ്, ബാര്‍ കോഴ തുടങ്ങി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യു ഡി എഫ് സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസില്‍ തിരക്കിട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പിണറായിക്കെതിരെയുള്ളത് ആരോപണം മാത്രമാണെന്നും മത്സരിക്കുന്നതിന് തടസ്സമില്ലെന്നുമാണ് സി പി ഐ നിലപാട്. മത്സരിക്കുന്ന കാര്യത്തിലും ആര് നയിക്കണമെന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് സി പി എം ആണെങ്കിലും എല്‍ ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐയുടെ നിലപാടും നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.