കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Posted on: February 11, 2016 9:11 am | Last updated: February 12, 2016 at 12:05 pm
SHARE

p-jayarajanകൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിതള്ളി.
യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും പ്രതിയുടെ പദവി പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ വാദങ്ങള്‍ കോടതി അംഗീകരിച്ചു.ജസ്റ്റിസ് കെ ടി ശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്‌.

ആയിരങ്ങള്‍ മരിച്ചോ ഒരാള്‍ മരിച്ചോ എന്നതല്ല യുഎപിഎ ചുമത്താനുള്ള മാനദണ്ഡം.
യുഎപിഎ ചുമത്തിയതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ല.
യുഎപിഎ ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കേസിലെ ഒന്നാം പ്രതിയായ വിക്രമന്‍ ജയരാജന്റെ സഹായി ആണ്  കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ വിക്രമന്‍ ആണെന്നും കോടതി പറഞ്ഞു.

ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. മനോജിനോട് ജയരാജനല്ലാതെ മറ്റാര്‍ക്കും വ്യക്തിവൈരാഗ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.   മരണം ഉറപ്പാക്കുന്നത് വരെ മനോജിനെ കുത്തി. ക്രൂരമായ കൊലപാതകമാണ് നടന്നത്. സി.ബി.ഐയുടെ കേസ് ഡയറി വിളിച്ചുവരുത്തി കോടതി പരിശോധിച്ചിരുന്നു.

ഹൈക്കോടതിയില്‍ ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ഇന്നലെ സിബിഐ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ കേസിലെ 25ആം പ്രതിയാക്കിയതെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്നും അതിനുളള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.

അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിയെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുകയാണ് ജയരാജന്റെ രീതി. കതിരൂര്‍ മനോജ് വധക്കേസ് മാത്രമല്ല, പല മൃഗീയ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ജയരാജന് പങ്കുണ്ട്. നിയമത്തെ മറികടക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുന്ന ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് തുടരന്വേഷണത്തിന് അത്യാവശമാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തലശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജയരാജന് ജാമ്യം നല്‍കുന്നതിന് എതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here