Connect with us

Articles

ഇംഗ്ലീഷിലെ തെറിയും മലയാളത്തിലെ അടിയും

Published

|

Last Updated

കോവളത്തു നടന്ന ആഗോളവിദ്യാഭ്യാസ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും മുന്‍ അംബാസഡറും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി പി ശ്രീനിവാസനു ലഭിച്ച കരണത്തടിയുടെ വാര്‍ത്തയില്‍ മുങ്ങിപ്പോയി. നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും ആഗോള കുത്തകകള്‍ക്ക് പാട്ടത്തിന് കൊടുത്തുകൊണ്ടുള്ള വികസന ഭ്രമത്തിന്റെ അടുത്ത ഘട്ടം പൊതുവിദ്യാഭ്യാസം അഥവാ സാര്‍വത്രിക വിദ്യാഭ്യാസം എന്ന സങ്കല്‍പ്പത്തെ തന്നെ തകിടം മറിച്ചു പണമുള്ളവര്‍ അതു മുടക്കി ഉന്നത വിദ്യാഭ്യാസം നേടുക എന്ന തത്വത്തില്‍ എത്തിനില്‍ക്കുന്നു. ഒരിക്കല്‍ സാമൂഹിക നീതിക്കു വേണ്ടിയുള്ള ജനകീയ മുന്നേറ്റത്തിനു മുമ്പില്‍ ചില വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും ഒക്കെ നിര്‍ബന്ധിതരായ സമ്പന്ന വര്‍ഗപക്ഷവാദികള്‍ക്ക് ഒരു രണ്ടാം വരവിന് കളമൊരുക്കുന്ന കാഹളം വിളി അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. വിദ്യാഭ്യാസ വ്യവസായ വാണിജ്യാദിരംഗങ്ങളില്‍ തത്പരരായ ആഗോള കുത്തകകളെ കോവളത്തു വിളിച്ചു കൂട്ടിയതിന്റെ ലക്ഷ്യം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ഈ കച്ചവടത്തിന്റെ ഇടനിലക്കാരനെന്ന റോളായിരുന്നു ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ വൈസ് ചെയര്‍മാനെന്ന നിലയില്‍ ടി പി ശ്രീനിവാസനു നിര്‍വഹിക്കാനുണ്ടായിരുന്നത്.
എന്തിനും ഏതിനും ആദ്യം പ്രതിഷേധിക്കുക പിന്നീട് ആയുധം വെച്ച് കീഴടങ്ങുക, പിന്നീട് പ്രതിയോഗി വെട്ടിത്തെളിച്ച അതേ പാതയിലൂടെ തന്നെ സഞ്ചരിക്കുക എന്ന പതിവ് പ്രതിഷേധ ശൈലിയുമായി എസ് എഫ് ഐ രംഗത്തു വന്നു. സമ്മേളന വേദിയായ കോവളം ലീലാ ഹോട്ടലിനു മുന്നില്‍ തലേന്നു രാത്രി മുതലേ എസ് എഫ് ഐക്കാര്‍ അവരുടെ പഴകിപ്പതിഞ്ഞ പതിവ് രീതിയിലുള്ള സമാധാനപരമായ ഉപരോധ സമരം തുടങ്ങിയിരുന്നു. സമരവും സമാധാനവും എങ്ങനെയാണ് ഒരുമിച്ചു പോകുക എന്ന കാര്യം അതു നടത്തുന്നവര്‍ക്കേ അറിയൂ. സമാധാനം ഇല്ലായ്മയാണ് മനുഷ്യരെ സമരത്തിലേക്കു നയിക്കുന്നതെന്നാണ് മനഃശാസ്ത്ര തത്വങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയാവുന്നവര്‍ പറഞ്ഞു ഫലിപ്പിച്ചിട്ടുള്ളത്. സമാധാനപരമായി സമരം നടത്തിയ എസ് എഫ് ഐക്കാരെ കേരളാ പോലീസ് സമാധാനപരമായിത്തന്നെ നേരിട്ടു. പണ്ടത്തെ പോലീസല്ലല്ലോ ഇപ്പോഴത്തെ പോലീസ്. അവര്‍ക്കും അല്‍പ്പസ്വല്‍പ്പം വിവരമൊക്കെ വെച്ചു കഴിഞ്ഞു. ഇങ്ങനെ കെ എസ് യു കളിച്ചും എസ് എഫ് ഐ കൊടി പിടിച്ചും ഒക്കെ തെരുവില്‍ പോലീസുമായി ഏറ്റുമുട്ടി ചെറിയ തോതിലൊക്കെ തല്ലും ചവിട്ടുമൊക്കെ ഏറ്റ് വലുതായ നേതാക്കള്‍ നാളെ തങ്ങളെ വിറപ്പിക്കുന്ന മന്ത്രിമാരായി സംസ്ഥാനം ഭരിക്കും. കാക്കിയും തോക്കും ലാത്തിയും ഒക്കെ കൊടുത്ത് സമരരംഗത്തേക്കു തങ്ങളെ പറഞ്ഞുവിടുന്നത് അതെല്ലാം എടുത്ത് പ്രയോഗിച്ച് കൈത്തരിപ്പ് തീര്‍ക്കാനല്ലെന്ന കാര്യവും നമ്മുടെ പോലീസുകാര്‍ക്കറിയാം.
നമ്മുടെ മുന്‍ അംബാസഡര്‍ സാറിനതത്രക്കങ്ങ് രസിച്ചില്ല. ഹോട്ടലിന്റെ ലോഞ്ച് വരെ കാറില്‍ തന്നെ പോകേണ്ടതില്ല. പോലീസ് സമരക്കാരെ തടഞ്ഞു നിര്‍ത്തിയിടത്തു കാറു നിര്‍ത്തി അല്‍പദൂരം നടന്നുപോകുന്നതായിരിക്കും നല്ലതെന്ന് വിവേകിയായ ഒരു പോലീസ് മേധാവി അദ്ദേഹത്തെ ഉപദേശിച്ചു എന്നാണ് പറയുന്നത്. അംബാസഡര്‍സാര്‍ പോലീസിനു നേരെ ആക്രോശിച്ചത്രെ:Why can”t you remove this bastards. നിങ്ങള്‍ക്കെന്തുകൊണ്ട് ഈ തന്തക്കു പിറക്കാത്തവന്മാരെ നീക്കം ചെയ്തു കൂടാ എന്നു മലയാളം. ബാസ്റ്റാര്‍ഡ് എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥമൊക്കെ അറിയാന്‍ മാത്രം ഇംഗ്ലീഷ് പരിജ്ഞാനം നേടിയവരാണ് സമരക്കാരെന്ന കാര്യം എങ്കിലും ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഓര്‍ക്കേണ്ടതായിരുന്നു. പരസ്യമായി കുട്ടികളുടെ മുഖത്തുനോക്കി അവരുടെ തന്തക്കു പറഞ്ഞാല്‍ കേട്ടു നില്‍ക്കാന്‍ മാത്രം സഹിഷ്ണുതയൊന്നും നമ്മുടെ നാട്ടിലെ പുതു തലമുറ ഇനിയും ആര്‍ജിച്ചു കഴിഞ്ഞിട്ടില്ല സര്‍. അവരില്‍ രക്തത്തിളപ്പുള്ള ഒരു പയ്യന്‍ ശ്രീനിവാസന്‍ സാറിനൊരടി കൊടുത്തു. നിലത്തുവീഴാന്‍ മാത്രം ശക്തി അടിക്കുണ്ടായിരുന്നോ അതോ വീഴ്ച അഭിനയിച്ചതാണോ എന്നൊന്നും തീര്‍ച്ചയില്ല. ഏതായാലും പയ്യന്റെ കൈ അദ്ദേഹത്തിന്റെ കരണത്തു പതിയുന്നതിന്റേയും ഒരു പോലീസുകാരന്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിന്റേയും ചിത്രം ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തു.
സാക്ഷര കേരളത്തിന്റെ കരണത്തേറ്റ അടി”എന്നാണ് പ്രമുഖ പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ എഴുതിയത്. എത്ര സാക്ഷരത നേടിയിട്ടെന്തുകാര്യം? ഇംഗ്ലീഷിലേതുപോലെ നല്ല എല്ലുറപ്പുള്ള തെറികള്‍ മലയാളത്തില്‍ ഇനിയും രൂപപ്പെട്ടുകഴിഞ്ഞിട്ടില്ല. ഇംഗ്ലീഷില്‍ ആര്‍ക്കും ആരെയും ലക്ഷ്യമാക്കി പ്രയോഗിക്കാവുന്ന നല്ല ഉഗ്രന്‍ തെറി വാക്കുകളുണ്ട്. ഭാഷക്കു വാക്കുകള്‍ സൃഷ്ടിച്ചു നല്‍കേണ്ടത് കവികളുടേയും സാഹിത്യകാരന്മാരുടേയും ജോലിയാണ്. തങ്ങളുടെ മാന്യതയുടെ പരിവേഷം നഷ്ടപ്പടുമോഎന്ന ഭയം നിമിത്തമായിരിക്കാം നമ്മുടെ സാഹിത്യപ്രതിഭകള്‍ക്ക് ഈ കാര്യത്തില്‍ വലിയ താത്പര്യമൊന്നുമില്ല. ചിലതൊക്കെ ഈ രംഗത്ത് പരീക്ഷിച്ചു നോക്കുന്നത് നമ്മുടെ സര്‍ഗാത്മചിത്രകാരന്മാരാണ്. അവര്‍ക്ക് അശ്ലീലം വരക്കാനുള്ള ലൈസന്‍സ് സാക്ഷര കേരളം പണ്ടേ അനുവദിച്ചുകൊടുത്തിട്ടുള്ളതാണ്. നമ്മുടെ നാട്ടിലെ സാക്ഷര രാക്ഷസന്മാരാണ് ഈ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇവിടുത്തെ നിരക്ഷരന്മാര്‍ അവരുടെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ പരമ്പരാഗതമായി പറഞ്ഞുശീലിച്ച ധാരാളം തെറികളുണ്ട്. അതാവശ്യാനുസരണം ആളും അവസരവും ഒക്കെ നോക്കി കേട്ടും കേള്‍ക്കാതെയും ഒക്കെ പ്രയോഗിക്കാറുണ്ട്. അധികവും ഭര്‍ത്താക്കന്മാര്‍ അവരുടെ സ്വകാര്യസ്വത്തായ ഭാര്യമാരോട് അനിഷ്ടം തോന്നുമ്പോള്‍ ഇത്തരം ചില തെറിവിളികള്‍ നടത്താറുണ്ടെന്നാണ് നമ്മുടെ നാടകങ്ങളും സിനിമകളുമൊക്കെ സാക്ഷ്യപ്പെടുത്തുന്നത്.
പച്ച മലയാള പ്രസ്ഥാനം പോലെ പച്ചത്തെറി പ്രസ്ഥാനവും ഒരു ഘട്ടത്തില്‍ മലയാള സാഹിത്യത്തില്‍ പലരും പരീക്ഷിച്ചുനോക്കിയതാണ്. ആധുനികത പിച്ചവെച്ചു തുടങ്ങിയ കാലഘട്ടത്തില്‍ സാഹിത്യത്തിലാകെ ആര്‍ത്തവരക്തത്തിന്റെ പ്രളയം ആയിരുന്നു എന്നാണ് സാഹിത്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പമ്മനും വല്ലിച്ചിറ മാധവനും മാത്രമല്ല വി കെ എന്നും ഒ വി വിജയനുമൊക്കെ മാന്യമായ തെറിവാക്കുകള്‍ കൊണ്ട് ഭാഷയെ അലങ്കരിച്ചവരായിരുന്നല്ലൊ. വിജയന്റെ ധര്‍മ്മപുരാണം എന്ന മലയാളത്തിലെഴുതിയ പുസ്തകം മുഴുവന്‍ അമേദ്യഗന്ധം വ്യാപിച്ചുകിടന്നതിനാല്‍ വായിച്ചുതീര്‍ക്കുന്നതിനു മലയാളി സഹൃദയന്‍ ചില്ലറ കഷ്ടപ്പാടല്ല അനുഭവിച്ചത്. അതേ പുസ്തകം Saga of Dharmapuri എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷയില്‍ മൊഴിമാറ്റം നടത്തിയതു വായിച്ചപ്പോഴാണ് മലയാളത്തില്‍ ദുര്‍ഗന്ധപൂരിതമായ എല്ലാ ചീത്ത വാക്കുകള്‍ക്കും തത്തുല്യമായ ഇംഗ്ലീഷ് വാക്കുകളുണ്ടെന്ന് ശരാശരി വായനക്കാരന്‍ ഗ്രഹിച്ചത്. അതാണ് ഇംഗ്ലീഷ് ഭാഷയും മലയാളഭാഷയും തമ്മിലുള്ള വ്യത്യാസം. ഇംഗ്ലീഷ് വരേണ്യഭാഷയാണ് – ആ ഭാഷയില്‍ ആഢ്യന്മാര്‍ക്ക് ഏതു കീഴാളനെയും ചീത്ത വിളിക്കാം. കീഴാളന്മാര്‍ അതു കേട്ടു മിഴിച്ചുനിന്നു കൊള്ളും.
ഇംഗ്ലീഷുകാരനെപ്പോലെയല്ല മലയാളി, കുളിക്കാത്തവനും ചന്തി കഴുകാത്തവനുമൊക്കെയായ സായിപ്പിന്റെ സംസ്‌കാരമല്ലല്ലോ നമ്മുടേത്. നമ്മള്‍ അലക്കിതേച്ചതും ചെത്തി മിനുക്കിയതുമൊക്കെയായ വാക്കുകളിലേ ആശയവിനിമയം നടത്താറുള്ളൂ. പകരം ചെറ്റ, നികൃഷ്ഠ ജീവി, പരനാറി തുടങ്ങിയ ചില വാക്കുകള്‍ അറിയാതെ നാവില്‍ നിന്നു വീണുപോയ നേതാക്കന്മാരെ നമ്മള്‍ മൂക്കു കൊണ്ട്”ക്ഷ വരപ്പിച്ചല്ലേ അടങ്ങിയത്. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ കെ ആര്‍ മീര അവരുടെ ഒരു നോവലില്‍ അപ്പന്‍ മകളെ””കഴിവേറടെ മകളേ” എന്നു വിളിക്കുന്ന ഭാഗം ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപര്‍ വെട്ടിമാറ്റിയതിന്റെ സങ്കടം വിവരിക്കുന്നതു കേട്ടു. അതേ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ച പെന്‍ഗ്വിന്‍ ബുക്‌സിന്റെ എഡിറ്റര്‍ അത്തരം ഗ്രാമ്യപദപ്രയോഗങ്ങളെ അങ്ങേയറ്റം പ്രകീര്‍ത്തിച്ചു പറയുകയും ചെയ്തുവത്രെ. അതിനാല്‍ സാഹിത്യത്തെ സത്യസന്ധമായി സമീപിക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാരും വായനക്കാരും മലയാളം ഉപേക്ഷിച്ച് ഇംഗ്ലീഷിനെ ആശ്രയിക്കുന്നതായിരിക്കും ഇനിയുള്ള കാലം നല്ലത്. രാഷ്ട്രീയത്തില്‍ തുടങ്ങി സാഹിത്യത്തിലേക്കു വഴിതെറ്റി സഞ്ചരിച്ച ഈ കുറിപ്പ് രാഷ്ട്രീയത്തിലേക്കു തന്നെ മടങ്ങുകയാണ്.
“തെറിക്കുത്തരം മുറിപ്പത്തലെ”ന്ന് “മലയാളത്തിലൊരു ചൊല്ലുണ്ട്. അതായത് ഒരുത്തന്‍ തെറി പറഞ്ഞാല്‍ പകരം തെറി പറയുകയല്ല വേണ്ടത്. പകരം ഒരു വടിയെടുത്തവന്റെ മുതുകത്തടിക്കുകയാണ് വേണ്ടതെന്നാണ് ആ പഴഞ്ചൊല്ല് അര്‍ഥമാക്കുന്നത്. ടി പി ശ്രീനിവാസനെപ്പോലെ ഉന്നതപദവികള്‍ വഹിച്ചിട്ടുള്ള പലരും – അവര്‍ക്കു ബ്ലഡ് പ്രഷര്‍ കൂടുമ്പോള്‍ ഗുളിക കഴിക്കുന്നതിനു പകരം, ഷിറ്റ് (shit) ഫക്ക്(fuck) ബാസ്റ്റര്‍ഡ്(bastard) തുടങ്ങിയ ചില്ലറ വാക്കുകള്‍ മൊത്തമായും ചില്ലറയായും സേവിച്ച് പ്രഷര്‍ അമര്‍ച്ച ചെയ്യാറുണ്ട്. അതു കേട്ടപാട് കരണത്തടിക്കാന്‍ ചാടിപ്പുറപ്പെടുക വഴി വിദ്യാഭ്യാസ കച്ചവട ഏര്‍പ്പാടിനു ഇടനിലക്കാരനാകാന്‍ സര്‍ക്കാര്‍ നിയോഗിച്ചു ടി പി ശ്രീനിവാസന് രക്തസാക്ഷി പരിവേഷം ലഭിച്ചിരിക്കുന്നു. ജനകീയ പ്രതിരോധത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിക്കേണ്ടിയിരുന്ന ഇടതുപക്ഷ വിദ്യാര്‍ഥികള്‍ അക്രമകാരികളായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. അതിസാഹസത്തിനു മുതിര്‍ന്ന വിദ്യാര്‍ഥിനേതാവ് സംഘടനയില്‍ നിന്നും പുറത്തായി; ജയിലിന്റെ അകത്തുമായി. ഇത്തരം എടുത്തുചാട്ടക്കാരായ നേതാക്കന്മാരെ പുനരധിവസിപ്പിക്കുക എന്നത് പാര്‍ട്ടിക്കു പണ്ടേ ഒരു ബാധ്യതയാണ്. പാര്‍ട്ടിയുടെ ഇത്തരം ബാധ്യതാലിസ്റ്റില്‍ ഇടം പിടിക്കാനുള്ള ഇത്തരം തത്രപ്പാടുകളില്‍ നിന്നും തത്പരകക്ഷികളെ പിന്തിരിപ്പിക്കാനുള്ള ബാധ്യത പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മാത്രം കാര്യമല്ല. എല്ലാ പാര്‍ട്ടികളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. പ്രതിയോഗി എന്ന് കരുതുന്നവരുടെ കരണത്തടിക്കുക ദേഹത്തു കരിഓയില്‍ ഒഴിക്കുക, കായികോപദ്രവം ഏല്‍പ്പിക്കുക, പൊതുമുതല്‍ നശിപ്പിക്കുക ഇതിനൊക്കെ മാതൃകകള്‍ നിര്‍മിക്കപ്പെട്ടത് 1958 ലെ വിമോചന സമരകാലത്താണ് എന്ന കാര്യം ഇവിടെ ഓര്‍ക്കാവുന്നതാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അപലപിക്കപ്പെടേണ്ടതാണ്. ഒപ്പം, വിദ്യാഭ്യസവും സംസ്‌കാരവും ഒക്കെ കുത്തകാവകാശമായി കൈവശം വെച്ചനുഭവിക്കുന്നവര്‍ ജനകീയപ്രക്ഷോഭങ്ങളുടെ നേതൃനിരയില്‍ നില്‍ക്കുന്നവരെ പ്രകോപിപ്പിച്ച് വീരസ്യം പ്രകടിപ്പിക്കാതിരിക്കുക. ക്രമസമാധാനം ഉറപ്പുവരുത്താന്‍ നിയോഗിക്കപ്പെട്ട പോലീസുകാരുടെ നിര്‍ദേശം പാലിക്കുക. വലിയ ഒരു ജനക്കൂട്ടം അവര്‍ക്കു ന്യായമെന്നു തോന്നുന്ന ആവശ്യങ്ങളെ മുന്‍നിറുത്തി തെരുവിലിറങ്ങുമ്പോള്‍ – സ്വന്തം യാത്രക്കു നേരിട്ടേക്കാവുന്ന ചെറിയ തടസ്സങ്ങളെ ചൊല്ലി അത്രമേല്‍ അസഹിഷ്ണുത പ്രകടിപ്പിക്കാതിരിക്കുക. ഇതെല്ലാം താഴെത്തട്ടിലെങ്കിലും ജനാധിപത്യം സാക്ഷാത്കരിക്കപ്പെടാന്‍ അനിവാര്യമാണ്.
വലത്തേ കരണത്തടിക്കുന്നവന് ഇടത്തേതും കാണിച്ചുകൊടുക്കുക എന്ന് യേശു പറഞ്ഞിട്ടുണ്ട്. ഇതുകേട്ട് യേശുവിന്റെ അനുയായികളില്‍ ഒരുവന്‍ ഒരു സംശയം ഉന്നയിച്ചു. ഗുരു നീ പറഞ്ഞത് ശരി – പക്ഷേ, വലതുകരണത്തടി കിട്ടിയ ഞാന്‍ ഇടതുകരണം കൂടി കാട്ടിക്കൊടുത്തു. അപ്പോള്‍ അയാള്‍ ആ കരണത്തും അടിച്ചു. അപ്പോള്‍ ഞാനെന്തു ചെയ്യണമെന്നാണ് ഗുരു പറയുക? കൂടുതലൊന്നും ആലോചിക്കാതെ ഗുരു പറഞ്ഞിരിക്കണം നിന്നെ അടിച്ചവന്റെ രണ്ടു കരണങ്ങളിലും നിനക്കു മതിയാവോളം അടിച്ചു കൊള്ളുക. അഹിംസക്കും അക്രമരാഹിത്യത്തിനും ഒക്കെ ഇത്രയൊക്കേ അര്‍ഥമുള്ളൂ സര്‍ ! ഇംഗ്ലീഷില്‍ ചീത്തപറഞ്ഞാല്‍ മലയാളത്തില്‍ ചിലപ്പോള്‍ അടി കിട്ടിയെന്നിരിക്കും.

Latest