സഊദിയുമായി ചര്‍ച്ചക്ക് തയ്യാര്‍: ഇറാന്‍

Posted on: February 10, 2016 11:06 pm | Last updated: February 10, 2016 at 11:06 pm
SHARE

saudiടെഹ്‌റാന്‍: സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങളുമായി അന്താരാഷ്ട്ര എണ്ണ വ്യാപാര വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇറാന്‍. ഇറാന്‍ എണ്ണ മന്ത്രി ബിജാന്‍ സന്‍ജിനെയാണ് കര്‍ശന ഉപാധികളോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്. ആണവായുധ വികസനത്തിന്റെ പേരില്‍ ഇറാനെതിരെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം അടുത്തിടെ പിന്‍വലിച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര എണ്ണ വിപണന രംഗത്തേക്ക് ഇറാനും സജീവമായി എത്തിയിരിക്കുകയാണ്. ഉപരോധം പിന്‍വലിച്ച ശേഷം അഞ്ച് ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം ഉത്പാദിപ്പിക്കാനാണ് ഇപ്പോള്‍ ഇറാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും ഒപെക് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തങ്ങളുടെ എണ്ണ ഉത്പാദനം കുറക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ഇറാനും എണ്ണ ഉത്പാദനം നടത്തി രംഗത്ത് വരുന്നത്. എണ്ണ വിപണിയെ ഇത് വീണ്ടും ഉലക്കുമെന്നു ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങളുമായി ഏതു തരത്തിലുള്ള ചര്‍ച്ചക്കും ഇറാന്‍ തയ്യാറാണ്. ഈ ചര്‍ച്ചകളെ ഇറാന്‍ പിന്തുണക്കുന്നു. രാഷ്ട്രീയമായ നല്ല ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ എണ്ണവിലയില്‍ സംതുലനം കൊണ്ടുവരാന്‍ കഴിയും. നിലവില്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയില്‍ എണ്ണ ഉത്പാദന രാജ്യങ്ങളിലൊന്നു പോലും സംതൃപ്തരല്ല. ഈ രീതിയില്‍ തുടര്‍ന്നാല്‍ ദീര്‍ഘകാലയളവില്‍ വിതരണത്തെ മോശമായി ബാധിക്കാന്‍ ഇടയുണ്ട്. ഇറാന്റെ എണ്ണ വ്യവസായം ശക്തിപ്പെടുത്താന്‍ 200 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമായിരിക്കുകയാണെന്നും ഇറാന്‍ എണ്ണ മന്ത്രി കൂട്ടിച്ചേര്‍ത്തു.
2014 മുതല്‍ അന്താരാഷ്ട്ര എണ്ണ വിപണിയില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. നേരത്തെയുണ്ടായിരുന്ന വിലയുടെ 70 ശതമാനം വരെ കുറഞ്ഞ സ്ഥിതിവിശേഷം വരെ സംജാതമാകുകയും ചെയ്തു. എന്നാല്‍ ഒപെക് രാജ്യങ്ങള്‍ അവരുടെ എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ തയ്യാറുമല്ല.
തങ്ങളുടെ എണ്ണ ഉത്പാദനം കുറക്കാന്‍ കഴിയില്ലെന്നും വിപണി തിരിച്ചുപിടിക്കേണ്ടത് തങ്ങളുടെയും ആവശ്യമാണെന്നും കഴിഞ്ഞ ദിവസം ഇറാന്റെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചിരുന്നു. ഉപരോധത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് രാജ്യത്തെ തിരികെ എത്തിക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
കഴിഞ്ഞ മാസം പ്രതിദിനം 32.3 മില്യന്‍ ബാരല്‍ പ്രതിദിനം ഉത്പാദിപ്പിച്ചിരുന്നതായി അറബ്, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സംയുക്ത സംഘം വ്യക്തമാക്കി.
2014ല്‍ ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളറിന് മുകളിലായിരുന്നുവെങ്കില്‍ ഇപ്പോഴത് 30 ഡോളറിലെത്തി നില്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here