ആദിവാസി കോളനിയില്‍ ശുദ്ധജലത്തിന് പോലീസ് സഹായം

Posted on: February 10, 2016 10:09 am | Last updated: February 10, 2016 at 10:09 am

പേരാ്രമ്പ്ര: ശുദ്ധജല ക്ഷാമം നേരിടുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയില്‍ റൂറല്‍ പോലീസിന്റെ ഒരു കൈ സഹായം. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കോളനി സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് കോളനിയില്‍ പോലീസ് സേനയുടെ ഇടപെടല്‍.
ആദിവാസി കുടുംബങ്ങളുടെ ഏക കുടിവെള്ള സ്രോതസായ ചതുരക്കിണറില്‍ അടിഞ്ഞു കൂടിയ ചളിയും മാലിന്യങ്ങളും പോലീസിന്റെ നേതൃത്വത്തില്‍ എടുത്തു മാറ്റി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ക്ലോറിനേഷനും നടത്തി. രണ്ടര വര്‍ഷം മുമ്പ് വരെ ഈ കിണറിലെ ജലമാണ് കോളനിയിലെ കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്നത്. മോട്ടോര്‍ തകരാറായതിനെത്തുടര്‍ന്ന് നന്നാക്കാനെന്ന പേരില്‍ തത്കാലം നിര്‍ത്തിവെക്കുകയായിരുന്നു. നന്നാക്കാന്‍ കരാറുകാരന്‍ കൊണ്ട് പോയ മോട്ടോര്‍ ഇതുവരെ തിരിച്ചെത്തിച്ചിട്ടില്ല. മോട്ടോര്‍ എടുത്തു മാറ്റിയതോടെ കിണര്‍ ഉപയോഗപ്പെടുത്താതെയായത് കാരണം വൃത്തികേടാവുകയായിരുന്നു. മോട്ടോര്‍ ഉപയോഗിച്ചില്ലെങ്കിലും വൈദ്യുതി ഇനത്തില്‍ കുടിശ്ശികയുണ്ട്. ഇത് പരിഹരിക്കാന്‍ പഞ്ചായത്ത് ഒന്നര ലക്ഷം രൂപ അനുവദിക്കുമെന്നാണറിയുന്നത്.