കരിപ്പൂരിനെ തകര്‍ക്കാന്‍ ഗൂഢശ്രമം: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍

Posted on: February 9, 2016 11:23 am | Last updated: February 9, 2016 at 11:23 am
SHARE

KARIPOOR AIR PORTമലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എം ഡി സി) ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങള്‍ക്കിടയില്‍ എയര്‍ ഇന്ത്യയുടെ അടക്കം നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.

റണ്‍വെ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കിയിരിക്കുകയാണ്. എന്നാല്‍ നവീകരണം പൂര്‍ത്തിയായാലും വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ തുടരാനാകില്ലെന്ന സ്ഥിതിയാണുളളത്. റണ്‍വെയുടെ നീളം 13,000 അടിയാക്കി വര്‍ധിപ്പിച്ചാല്‍ മാത്രമെ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പരിഗണിക്കുകയുളളുവെന്ന് കഴിഞ്ഞയാഴ്ച കരിപ്പൂര്‍ സന്ദര്‍ശിച്ച കേന്ദ്ര വ്യാമയാന മന്ത്രി അശോക് ഗജപതി രാജു തന്നെ പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളം സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ 2005 ന് മുമ്പുളള സ്ഥിതി തുടരണമെന്നും വലിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും വേണം.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കരിപ്പൂര്‍ വിഷയത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ പോയെങ്കിലും നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. മുമ്പ് രാജ്യത്ത് 12ാം സ്ഥാനത്തുണ്ടായിരുന്ന കരിപ്പൂര്‍ വിമാനത്താവളം ഇന്ന് 20ല്‍ താഴെയാണ്. കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. ഇന്ത്യയിലെ മറ്റു എയര്‍പോര്‍ട്ടുകളിലേതിന് സമാനമായ സാഹചര്യങ്ങള്‍ മാത്രമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലുമുളളത്.
എന്നാല്‍ അമിതമായ പാര്‍ക്കിംഗ് ഫീസുകളും മറ്റാവശ്യങ്ങളും പറഞ്ഞ് വിമാന കമ്പനികളെ കരിപ്പൂരില്‍ നിന്നു അകറ്റുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറും, ഹജ്ജ് കമ്മിറ്റിയും, രാഷ്ട്രീയ പാര്‍ട്ടികളും, വിവിധ സംഘടനകളും യോജിച്ച് സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ മലബാറിന്റെ സമഗ്ര വികസനത്തിന് നാഴിക കല്ലായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാവുമെന്ന് പ്രസിഡന്റ് സി വി ചാക്കൂണ്ണി, സെക്രട്ടറി എം കെ അയ്യപ്പന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here