Connect with us

National

മുംബൈ ഭീകരാക്രമണം: ഐഎസ്‌ഐയ്ക്ക് പങ്കെന്ന് ഹെഡ്‌ലിയുടെ മൊഴി

Published

|

Last Updated

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്റ്‌സിനും (ഐ എസ് ഐ) പാക് സൈന്യത്തിനും പങ്കുള്ളതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കുറ്റസമ്മതമൊഴി. ഭീകരാക്രമണത്തിന്റെ പിന്നില്‍ പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയാണെന്നും ഐ എസ് ഐക്ക് ഇതില്‍ പങ്കുള്ളതായും ഹെഡ്‌ലി മൊഴി നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹെഡ്‌ലി മൊഴി നല്‍കാനിരിക്കെയാണ് എന്‍ ഐ എ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നത്. സി എന്‍ എന്‍- ഐ ബി എന്‍ ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എന്‍ ഐ എ നടത്തിയ ചോദ്യം ചെയ്യലിലാണ് ഹെഡ്‌ലി കുറ്റസമ്മത മൊഴി നല്‍കിയത്. ലശ്കര്‍ നേതാവ് ഹാഫിസ് സഈദിന്റെ അനുമതിയോടെയാണ് മുംബൈ ഭീകരാക്രമണം നടന്നതെന്നാണ് ഹെഡ്‌ലി മൊഴി നല്‍കിയത്. ഭീകരാക്രമണം നടത്താന്‍ ഐ എസ് ഐ സാമ്പത്തിക സഹായം നല്‍കിയതായും ഹെഡ്‌ലി മൊഴി നല്‍കിയിട്ടുണ്ട്. മുംബൈക്ക് പുറമെ ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യാ ഗേറ്റ്, സി ബി ഐയുടെ ഡല്‍ഹിയിലെ ഓഫീസ് എന്നിവിടങ്ങളിലും നിരീക്ഷണം നടത്തി വിവരം നല്‍കിയിരുന്നു.
ഐ എസ് ഐയിലെ മേജര്‍മാരായ ഇഖ്ബാല്‍, സമീര്‍ അലി എന്നിവരായിരുന്നു തന്റെ സഹായികളെന്നും ഹെഡ്‌ലി പറയുന്നു. ഐ എസ് ഐ ബ്രിഗേഡിയര്‍ റിവാസ് ആയിരുന്നു ലശ്കറെ നേതാവ് സാകിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ സഹായി. ഭീകരാക്രമണത്തിനു ശേഷം അറസ്റ്റിലായ ലഖ്‌വിയെ ഐ എസ് ഐ മേധാവിയായിരുന്ന ശൂജ പാഷ സന്ദര്‍ശിച്ചതായും ഹെഡ്‌ലി മൊഴി നല്‍കിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണത്തെ കുറിച്ച് മൊഴി നല്‍കുന്നതിന് ഹെഡ്‌ലിയെ മുംബൈ പ്രത്യേക കോടതി മുമ്പാകെ ഇന്ന് ഹാജരാക്കുമെന്ന് സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം അറിയിച്ചു.
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായാണ് വിദേശ തീവ്രവാദി വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവുകള്‍ കൈമാറുകയും അവ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നത്. ഭീകരാക്രമണത്തിനു പിന്നിലെ കൂടുതല്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന് ഈ തെളിവുകള്‍ കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉജ്ജ്വല്‍ നിഗം പറഞ്ഞു. കുറ്റസമ്മത മൊഴി നല്‍കാന്‍ ഹെഡ്‌ലി ആദ്യം വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാല് മാസം മുമ്പ് യു എസിലെ ഉദ്യോഗസ്ഥരുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ ഹെഡ്‌ലിയുടെ മൊഴി വഴിത്തിരിവാകുമെന്ന് അജിത് ധോവല്‍ പറഞ്ഞു.
ഇന്നും നാളെയുമായാണ് ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മൊഴി നല്‍കുക. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കോടതി മുമ്പാകെ മൊഴി നല്‍കാന്‍ ഹെഡ്‌ലിക്ക് സമയം അനുവദിച്ചത്.
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 35 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കന്‍ ജയിലിലാണ്. 2008 നവംബര്‍ 11ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് തീവ്രവാദികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ 2012 നംവബര്‍ 21ന് പൂനെയിലെ യെര്‍വാഡ ജയിലില്‍ തൂക്കിലേറ്റുകയും ചെയ്തു.

Latest