പാലാഞ്ചോല മലയില്‍ മാലിന്യ പ്രശ്‌നം രൂക്ഷം

Posted on: February 5, 2016 10:15 am | Last updated: February 5, 2016 at 10:15 am

നാദാപുരം: പാലാഞ്ചോല മലയിലെ മാലിന്യ പ്ലാന്റ് അടച്ച് പൂട്ടണമെന്നാവിശ്യപ്പെട്ട് പ്രദേശവാസികള്‍ രണ്ടാം ദിവസവും മാലിന്യം കയറ്റിയ വാഹനം തടഞ്ഞു. പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കാനും കയറ്റി അയക്കാനും അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് രാത്രിയിലും സമരം തുടരാനാണ് സ്ത്രീകളടക്കമുളള നാട്ടുകാരുടെ തീരുമാനം. രാവിലെ ഒന്‍പതരയോടെ മാലിന്യം കയറ്റി വന്ന ലോറി തടഞ്ഞായിരുന്നു പ്രദേശവാസികള്‍ സമരം തുടങ്ങിയത്. വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും സമരക്കാര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല.
ജനകീയ സമരത്തിനെതിരെ നടപടിയൊന്നുമെടുക്കേണ്ടതില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. വൈകുന്നേരം സി ഐ സുനില്‍കുമാര്‍ സമരക്കാരുമായി സംസാരിച്ചെങ്കിലും പ്ലാന്റ് അടച്ചുപൂട്ടണമെന്ന ശക്തമായ നിലപാടാണ് പ്രദേശവാസികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ഭരണ സമിതി മാലിന്യ പ്ലാന്റ് തുടങ്ങുമ്പോള്‍ നല്‍കിയ ഉറപ്പൊന്നും പാലിച്ചില്ലെന്നും അതിനാല്‍ ഇനിയും വഞ്ചിക്കപ്പെടാന്‍ അനുവദിക്കുകയില്ലെന്നുമാണ് സമരക്കാരുടെ നിലപാട്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പോലീസ് സംരക്ഷണം നല്‍കാത്തതിനാല്‍ കല്ലാച്ചി, നാദാപുരം ടൗണുകളിലെ മാലിന്യ നീക്കം നിര്‍ത്തിവെക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. സമരക്കാരെ തെറ്റിദ്ധരിപ്പിച്ചതാണെന്ന പൊതുവികാരമാണ് സര്‍വ കക്ഷി യോഗത്തില്‍ ഉയര്‍ന്നത്. സമരക്കാരെ അനുനയിപ്പിക്കാന്‍ പഞ്ചായത്ത് അംഗം പി കെ കൃഷ്ണനെ ചുമതലപ്പെടുത്തി. വി പി കുഞ്ഞിക്യഷ്ണന്‍, അഡ്വ. എ സജീവന്‍, മണ്ടോടി ബഷീര്‍, കെ ടി കെ ചന്ദ്രന്‍, സി കുമാരന്‍, കെ വി നാസര്‍, കുറുമ്പിയത്ത് കുഞ്ഞബ്ദുല്ല എന്നിവരുടെ നേത്യത്വത്തിലുളള സര്‍വകക്ഷി സംഘം സമരക്കാരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഭരണ സമിതിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് യോഗ തീരുമാനം. പോലീസുമായും സര്‍വകക്ഷി സംഘവുമായി നിരവധി തവണ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും വരാത്തതിന് പിന്നില്‍ മൂന്നാം കക്ഷി ഇടപെടുന്നതാണെന്നും ആരോപണമുണ്ടായി.