Connect with us

Gulf

ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ നഗരസഭ കണ്ടുകെട്ടും

Published

|

Last Updated

അബുദാബി: നഗരപരിധിയില്‍ ഉപേക്ഷിക്കപ്പെട്ട 274 ഭവനങ്ങള്‍ കണ്ടുകെട്ടുമെന്ന് അബുദാബി നഗരസഭ വ്യക്തമാക്കി. ഇവ ഉപയോഗക്ഷമമാക്കുകയോ പൊളിച്ചുനീക്കുകയോ ചെയ്യാന്‍ ഉടമകള്‍ക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ അവ കണ്ടുകെട്ടി തകര്‍ക്കും. ശഹാമയില്‍ മാത്രം ഇത്തരത്തില്‍ 47 ഭവനങ്ങളുണ്ട്. അഞ്ച് പൊതു കെട്ടിടങ്ങളും 49 കൂടാരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന കെട്ടിടങ്ങള്‍ നഗര സൗന്ദര്യത്തിന് ഹാനികരവും പരിസരവാസികള്‍ക്ക് ഭീഷണിയുമാണ്. പ്രാണികളും ഇഴജന്തുക്കളും ഇവയില്‍ കുടിയേറിയിട്ടുണ്ട്. ഇവക്കെതിരെ വ്യാപക ബോധവത്കരണമാണ് നടത്തുന്നത്. മുഹമ്മദ് ബിന്‍ സായിദ് റസിഡന്‍ഷ്യല്‍ സിറ്റി, ഖലീഫ സിറ്റി, ബനിയാസ്, ശംഖ, ഖത്ത, വത്ബ, ശഖ്ബൂത് സിറ്റി, അല്‍ ശവാമക്, നഹ്ദ, അദ്‌ല, മുവാസാസ് എന്നിവിടങ്ങളിലാണ് കെട്ടിടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പരിസ്ഥിതിക്ക് വലിയ ദോഷകരമായി ഇവ മാറിയിട്ടുണ്ട്. പഴയ വീടുകള്‍ പുനര്‍നിര്‍മിക്കണമെന്നാണ് നഗരസഭ ആഗ്രഹിക്കുന്നത്. 14 കെട്ടിടമുടമകള്‍ക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമ്പോള്‍ ഉണ്ടാക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ക്ക് ഉടമകളാണ് ഉത്തരവാദികളെന്നും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ഇവ നീക്കം ചെയ്യണമെന്നും നഗരസഭ വ്യക്തമാക്കി.
തുടക്കത്തില്‍ 20,000 ദിര്‍ഹമാണ് പിഴ ചുമത്തുക. നിയമ ലംഘനം തുടരുകയാണെങ്കില്‍ വീടുകള്‍ കണ്ടുകെട്ടും. ഇത് താമസകെട്ടിടങ്ങള്‍ക്ക് മാത്രമല്ല പൊതുകെട്ടിടങ്ങള്‍ക്കും ബാധകമാണെന്നും നഗരസഭ വ്യക്തമാക്കി.

Latest