Connect with us

Kerala

യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ അവരുടെ വാഹനത്തിനടുത്ത് ചെന്ന് രേഖകള്‍ പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമേല്‍ വാഹനപരിശോധന നടത്തുമ്പോള്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും, പൊലീസുകാരും യാത്രക്കാരുടെ അടുത്തെത്തി വിവരങ്ങള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.വാഹനപരിശോധനയുമായി ബന്ധപ്പെട്ട് യാത്രക്കാരെ പുറത്തിറക്കി ട്രാഫിക് പൊലീസ് വാഹനത്തിനടുത്തേക്ക് വിളിച്ചുവരുത്തുന്ന സ്ഥിരം ശൈലി ഒഴിവാക്കണം.

വെയിലത്തും, മഴയത്തും യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ അവരുടെ വാഹനത്തിനടുത്ത് ചെന്ന് രേഖകള്‍ പരിശോധിക്കണമെന്നും, ഇതിന്റെ പേരില്‍ ആരെയും ഇനി ട്രാഫിക് പൊലീസ് ഉള്‍പ്പെടെയുളളവര്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് അടുത്തിടെ നടന്ന മൂന്നു കൊലപാതകങ്ങളിലെയും പ്രതികളെയെല്ലാം പിടികൂടിയെന്നും ഈ കൊലപാതകങ്ങളുടെ പേരില്‍ കേരളത്തിലെ ക്രമസമാധാനപാലനം തകര്‍ന്നെന്ന പരാമര്‍ശം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ഫെയ്‌സ്ബുക്ക് ഉപയോഗത്തെ പരിഹസിച്ചുളള പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചിരുന്നെന്നും, നവമാധ്യമങ്ങളുടെ കാലത്ത് ആരും ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുതെന്ന് പറയാന്‍ പാടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡിജിപി സെന്‍കുമാര്‍, ഹേമചന്ദ്രന്‍ എന്നിവര്‍ കഴിവുറ്റ പൊലീസ് ഉദ്യോഗസ്ഥരാണെന്നും ക്രമസമാധാനപാലനത്തില്‍ ഇവരുടെ സേവനം വിലമതിക്കാനാകാത്തതാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു

---- facebook comment plugin here -----

Latest