ടി പി വധക്കേസിലെ സാക്ഷിക്ക് നേരെ സി പി എം ആക്രമണം

Posted on: February 3, 2016 9:31 am | Last updated: February 3, 2016 at 9:31 am
SHARE

വടകര: ഒഞ്ചിയത്ത് സി പി എം അക്രമത്തില്‍ ആര്‍ എം പി പ്രവര്‍ത്തകര്‍ക്ക് പരുക്ക്. ടി പി ചന്ദ്രശേഖന്‍ വധ ഗൂഢാലോചന കേസില്‍ സാക്ഷി പറഞ്ഞ കുന്നുമ്മക്കര പുതിയോട്ടില്‍ മീത്തല്‍ പ്രമോദി (42)നാണ് അക്രമത്തില്‍ പരുക്കേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ പ്രമോദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കോട്ടായി സുജിത് (36), ഇല്ലതെക്കയില്‍ ഹരിദാസ് (45) എന്നിവരെ മാഹി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒഞ്ചിയം മലോല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു മൂവരും. ഉത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വടി ഉള്‍പ്പെയുള്ള മാരകായുധങ്ങളുമായി എത്തി അക്രമം നടത്തിയത്. അക്രമം തടയുന്നതിനിടയിലാണ് സുജിത്തിനും ഹരിദാസിനും അടിയേറ്റത്. 2009ല്‍ ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സാക്ഷി പറഞ്ഞതിന്റെ പേരില്‍ പ്രമോദിന് നേരത്തെ ഭീഷണി ഉയര്‍ന്നിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഒഞ്ചിയവും പരിസരപ്രദേശവും പോലീസ് നിയന്ത്രണത്തിലാണ്. രാത്രികാല വാഹന പരിശോധനയും ശക്തമാക്കി. അക്രമവുമായി ബന്ധപ്പെട്ട് കുന്നുമ്മക്കര പൂവത്ത് കണ്ടി ലക്ഷം വീട് കോളനിയില്‍ അമല്‍ജിത്ത്, അഖില്‍ രാജ്, അനൂപ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി ചോമ്പാല പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here