Connect with us

Malappuram

കേരള യാത്രയുടെ ലക്ഷ്യം ഭരണത്തുടര്‍ച്ച: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

കൊണ്ടോട്ടി: മുസ്‌ലിം ലീഗിന്റെ കേരള യാത്രയുടെ ലക്ഷ്യം ഭരണ തുടര്‍ച്ച തന്നെയെന്ന് ജാഥാ ക്യാപ്റ്റന്‍ മന്ത്രി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സാധാരണയില്‍ ഭരണത്തിലിരിക്കുന്നവര്‍ ജാഥ നടത്തിയാല്‍ അത് ഏല്‍ക്കില്ല. ഭരണ വിരുദ്ധ വികാരം ഉണ്ടാകുമെന്നതാണ് ഇതിനു കാരണം. അഞ്ച് കൊല്ലം കഴിഞ്ഞാല്‍ പിന്നെ ഭരണം മാറുമെന്ന് ഒരു കിതാബിലും പറഞ്ഞിട്ടില്ല. പുതു തലമുറയുടെ കിതാബില്‍ ഏതായാലും ഇങ്ങിനെയൊന്നില്ല. ബാറു മുതലാളിമാരും ബിജുമാരെക്കൊണ്ടൊന്നും ഈ സര്‍ക്കാറിനു ഭയമില്ല. മറ്റൊരാള്‍ അവിടുന്നും ഇവിടുന്നും പണം കിട്ടാനുണ്ടെന്നു പറഞ്ഞു നടക്കുന്നു. ആരോപണങ്ങളെല്ലാം തിരിഞ്ഞു കുത്തുന്നത് നമുക്ക് കാണാനാകും. മുസ്‌ലിം ലീഗിനെതിരെ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ കേരള യാത്രക്ക് പ്രയാസം ഉണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടിയത്. എന്നാല്‍ ഇത്തരം കരിങ്കല്ലുകള്‍ കേരള യാത്രയുടെ വലിയ ചക്രത്തിനുള്ളില്‍ കുടുങ്ങി പൊടിഞ്ഞു പോവുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. കോഴിക്കോട് കേന്ദ്രമായി സൈബര്‍ സിറ്റിയാണ് അടുത്ത ലക്ഷ്യം. സൈബര്‍ സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളവും വികസിക്കുമെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. പി മോയുട്ടി മൗലവി അധ്യക്ഷത വഹിച്ചു. മന്ത്രി എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബശീര്‍ എം പി, സാദിഖലി ശിഹാബ് തങ്ങള്‍, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.