പഠാന്‍കോട് ഭീകരാക്രമണം: അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പാക്കിസ്ഥാന്‍

Posted on: January 31, 2016 9:24 am | Last updated: January 31, 2016 at 9:30 am
SHARE

pathankot-reuters_ഇസ്‌ലാമാബാദ്: പഠാന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നടത്തിവരുന്ന അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ആക്രമണത്തിന് പാക്കിസ്ഥാനെ ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുക എന്നത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും നവാസ് ശരീഫ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യ- പാക് സമാധാന ചര്‍ച്ചകള്‍ ശരിയായ ദിശയിലേക്ക് നീങ്ങിയിരുന്നു. ചര്‍ച്ചകളില്‍ നല്ല പുരോഗതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍, പഠാന്‍കോട് ഭീകരാക്രമണം തുടര്‍ ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ ഇടയാക്കിയാതായും നവാസ് ശരീഫ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ ഈ മാസം 15നാണ് നടക്കേണ്ടിയിരുന്നത്. അതിനിടെ ഈമാസം രണ്ടിന് പഠാന്‍കോട് വ്യോമത്താവളത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് അത് റദ്ദാക്കുകയായിരുന്നു. ആറ് തീവ്രവാദികളും ഏഴ് സൈനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയാണെന്നാണ് ഇന്ത്യ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത് സംബന്ധിച്ച തെളിവുകള്‍ പാക്കിസ്ഥാന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ ഏതാനും പേരെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായോ എന്തെങ്കിലും നടപടി സ്വീകരിച്ചതായോ പാക്കിസ്ഥാന്‍ ഇതുവരെ ഇന്ത്യയെ അറിയിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here