നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമം എന്തുവിലകൊടുത്തും സംരക്ഷിക്കും: കുമ്മനം രാജശേഖരന്‍

Posted on: January 30, 2016 12:25 pm | Last updated: January 30, 2016 at 12:25 pm

പാലക്കാട്: കേരളത്തിലെ ഭക്ഷ്യസുരക്ഷയുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ ബില്‍ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. 2008 വരെ നടന്ന വയല്‍ നികത്തലിന് അംഗീകാരം നല്‍കാനുള്ള നീക്കം വയലുകള്‍ ഇല്ലാതാക്കും.
നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമോചന യാത്രക്ക് പാലക്കാട് ജില്ലയില്‍ രണ്ടാം ദിവസം നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്്ണുതയുടെ പേരില്‍ ബിജെപിയെയും മോദി സര്‍ക്കാരിനെയും വിമര്‍ശിക്കുകയും പ്രചരണം നടത്തുകയും ചെയ്യുന്ന സിപിഎം ആണ് യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുതയുടെ വക്താക്കളെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ അസഹിഷ്ണുതയുടെ തെളിവാണ് ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി പി ശ്രീനിവാസനെതിരെ നടന്ന എസ് എഫ്‌ഐ അക്രമം. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലെ സ്വീകരണങ്ങളോടെ പാലക്കാട് ജില്ലയിലെ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയ യാത്ര തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു. വിവിധ സ്വീകരണ യോഗങ്ങളില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേഷ്, എ എന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദന്‍, കെ പി ശ്രീശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.