പനമരം ആശുപത്രിയുടെ ശോച്യാവസ്ഥ: എ ഐ വൈ എഫ് ശയന പ്രദക്ഷിണം നടത്തും

Posted on: January 30, 2016 10:04 am | Last updated: January 30, 2016 at 10:04 am

പനമരം: പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എ ഐ വൈ എഫ് പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തില്‍ ശയന പ്രദക്ഷിണം നടത്തുമെന്ന് എ ഐ വൈ എഫ് ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അറുപത് വര്‍ഷത്തിലധികം പഴക്കമുളള പ്രൈമറി ഹെല്‍ത്ത് സെന്ററിനെയാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സി എച്ച് സി യാക്കി ഉയര്‍ത്തിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുളള ആശുപത്രിയില്‍ അഞ്ച് ഡോക്ടര്‍മാരാണ് വേണ്ടത്.
നിലവില്‍ മൂന്നു പേരാണ് ഉളളത്. പ്രതിദിനം ഇരുന്നൂറിലധികം പേര്‍ ഒ പി യിലെത്തുന്നു. നീര്‍വാരം, നടവയല്‍,വിളമ്പുകണ്ടം, കായക്കുന്ന്, അമ്മാനി, കൂളിവയല്‍, അഞ്ചുകുന്ന്, വാറുമ്മല്‍ കടവ് എന്നിവിടങ്ങളില്‍ നിന്നും ആദിവാസികള്‍ ഉള്‍പ്പെടെ രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ സായാഹ്ന ഒ പി തുടങ്ങണം. അറുപതിലധികം ജീവനക്കാരാണ് ഉളളതെങ്കിലും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. കെട്ടിട നിര്‍മ്മാണത്തിലെ അഴിമതികള്‍ പുറത്ത് കൊണ്ടുവരണം. ഡയാലിസിസ് സെന്റര്‍ ആരംഭിക്കുക, ഗൈനക്കോളജിസ്റ്റിനെ നിയമിക്കുക, 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവര്‍ത്തിപ്പിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണവും തുടങ്ങിയിട്ടില്ല. സമരത്തിന്റെ ഭാഗമായി നടത്തുന്ന ശയന പ്രദക്ഷിണവും ബഹുജന മാര്‍ച്ചും നടത്തുന്നതിന്റെ ഭാഗമായി പ്രചരണ ജാഥ സംഘടിപ്പിക്കും.ജില്ലാ സെക്രട്ടറി പടയന്‍ ഇബ്‌റാഹീം,റിയാസ് തിരുവാള്‍,പി.കെ.സ്വാദിഖ്്,അജ്മല്‍ തിരുവാള്‍, ദില്‍ഷാദ്, മഹേഷ് കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.