ആവേശത്തിന് സ്റ്റാര്‍ട്ട്…

Posted on: January 29, 2016 6:30 am | Last updated: January 29, 2016 at 10:49 am
NATIONAL SCHOOL ATHELETICS
ദേശീയ സ്‌കൂള്‍ കായികമേള ദീപശിഖ ഷൈനി വില്‍സണ്‍ ഏറ്റുവാങ്ങുന്നു

കോഴിക്കോട്:രാജ്യത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് പുത്തന്‍ ഇതളുകള്‍ വിരിയുന്ന കൗമാര പോരാട്ടങ്ങള്‍ക്ക് സാമൂതിരിയുടെ മണ്ണില്‍ ഇന്ന് കൊടിഉയര്‍ന്നു. ഇന്ന് മൂതല്‍ നാല് പകലുകളിലായി പുതിയ വേഗവും ഉയരവും തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ പ്രതിഭകള്‍ മാറ്റുരക്കും. സീനിയര്‍ ബോയ്‌സ് 500 മീറ്റര്‍ മത്സരത്തോടെ 61-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസിന് മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ലോംഗ്ജമ്പ്, ഷോട്ട്പുട്ട്, ഹൈജമ്പ്, ഡിസ്‌കസ് ത്രോ, 3000മീറ്റര്‍ ഓട്ടം , ജാവലിന്‍ത്രോ, 300 മീറ്റര്‍ ഓട്ടം , 400 മീറ്റര്‍ ഓട്ടം, ഹര്‍ഡില്‍സ് മത്സരങ്ങള്‍ എന്നിവയാണ് ഇന്ന് നടക്കുന്നത്. കായികമേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് മന്ത്രി പി കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം കെ മുനീര്‍, ഒളിമ്പ്യന്‍മാരായ പി ടി ഉഷ, അഞ്ജു ബോബി ജോര്‍ജ്, ശ്രീജേഷ് സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാകായിക പ്രകടനങ്ങളും അരങ്ങേറും.

94 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തിനായി ഇതുവരെ 2695 മത്സരാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. സബ്ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 328 പേരും ഗേള്‍സ് വിഭാഗത്തില്‍ 295 പേരും ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 498 പേരും ഗേള്‍സ് വിഭാഗത്തില്‍ 426 പേരും സീനിയര്‍ ബോയ്‌സ് 625 പേരും ഗേള്‍സ് വിഭാഗത്തില്‍ 521 പേരുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ 1450 ആണ്‍കുട്ടികളും 1245 പെണ്‍കുട്ടികളും ഇതിനകം രജിസ്റ്റര്‍ ചെയ്തു.
ശക്തമായ നിരയുമായാണ് ആതിഥേയരായ കോഴിക്കോട് 19-ാം കിരീട പോരാട്ടത്തിന് അണിനിരക്കുന്നത്. 106 പേരടങ്ങുന്നതാണ് കേരള ടീം. മുമ്പെന്നപോലെ കേരള ടീമിലെ പെണ്‍കുട്ടികളാവും കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടുകയെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും മേള നടക്കുമ്പോള്‍ മരംകോച്ചുന്ന തണുപ്പിനെപ്പോലും അതിജീവിച്ചാണ് കേരളം നേട്ടം കൊയ്തത്. ഇത്തവണ കാലാവസ്ഥ ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ കേരളത്തിന്റെ പ്രതീക്ഷക്ക് കരുത്തേകുന്നു.
ഏറ്റവും കൂടുതല്‍ അത്‌ലറ്റുകള്‍ എത്തിയത് സി ബി എസ് ഇ വെല്‍ഫെയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനില്‍നിന്നാണ്.174 പേരാണ് വിവിധ ഇനങ്ങളിലായി ഇവര്‍ക്കായി ട്രാക്കിലിറങ്ങുക. രണ്ടു പേരെ പങ്കെടുപ്പിച്ച്് ചണ്ഡീഡഢാണ് ഏറ്റവും പിറകില്‍. ആന്ധ്രാപ്രദേശ് (93), ആസാം (10), ബീഹാര്‍ (36),ഛത്തീസ്ഖഢ് (73), ഡല്‍ഹി (63), പശ്ചിമബംഗാള്‍ ( 63), ഹിമാചല്‍പ്രദേശ് (60), ഹരിയാന ( 141), ഗുജറാത്ത് (42), ഗോവ (26), ഝാര്‍ഖണ്ഡ്(43), ജമ്മുകാശ്മീര്‍ (64), ഐ പി എസ് സി (101), കര്‍ണാടക(161), കെ വി എസ് (128), കേരളം (109), ലക്ഷദ്വീപ് (27), മധ്യപ്രദേശ് (100), മഹാരാഷ്ട്ര (157), മണിപ്പൂര്‍ (33), എന്‍ വി എസ് (97), ഒഡീഷ (42), പുതുച്ചേരി (31), പഞ്ചാബ് (137), രാജസ്ഥാന്‍ (72), തമിഴ്‌നാട് (143), തെലുങ്കാന (141), ത്രിപുര(12), ഉത്തര്‍പ്രദേശ് (56), ഉത്തരാഖണ്ഡ ്(133) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ നിന്നും എത്തിയിരിക്കുന്നത്.
നഗരത്തിലെ സ്‌കൂളുകളിലാണ് താരങ്ങള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരുക്കുന്നത്. വിവിധ കമ്മിറ്റി അംഗങ്ങള്‍ താരങ്ങളെ സഹായിക്കാന്‍ സ്‌കൂളിലുണ്ടാകും. ഭക്ഷണത്തിനായി സ്റ്റേഡിയത്തിന് അടുത്ത് തന്നെ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന് തൊട്ടടുത്തായുള്ള ഗ്രൗണ്ടില്‍ ടീമുകള്‍ക്ക് പരിശീലനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി സി ടി വി ഉള്‍പ്പെടെയുള്ള സുരക്ഷ ഏര്‍പ്പെടുത്തും. സ്റ്റേഡിയത്തില്‍ 100 പേര്‍ക്ക് താമസസൗകര്യമുണ്ട്. 14,000 പേര്‍ക്കുള്ള ഇരിപ്പിടവും. മൂന്നു നിലകളിലായി ഗ്യാലറി, ഡ്രസിംഗ് റൂം, ഒഫീഷ്യല്‍ റൂം, ഡോക്‌ടേഴ്‌സ് റൂം, മീഡിയ റൂം തുടങ്ങിയവ ഉള്‍പ്പെടെയുള്ള പവിലിയനാണുള്ളത്.
മത്സരം കാണാനെത്തുവരുടെ ബാഹുല്യം ഏറുമെന്നതിനാല്‍ 500 പേര്‍ക്ക് ഇരിക്കാവുന്ന് താത്കാലിക പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്. മത്സരം നിയന്ത്രിക്കാന്‍ ഒഫീഷ്യല്‍സിനൊപ്പം ആധുനിക ഉപകരണങ്ങളും മേളയില്‍ ഉപയോഗിക്കും. ഇലക്‌ട്രോണിക് ഡിസ്റ്റന്‍സ് മെഷീന്‍, ഓട്ടോമാറ്റിക് ക്യാമറ എന്നിവ ഉപയോഗിക്കും.
ഫെബ്രുവരി രണ്ടിന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിനായി പ്രധാനമന്ത്രി എത്തുന്നത് പരിഗണിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കുക. സ്റ്റേഡിയത്തില്‍ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനവും ലഭ്യമാകും. താരങ്ങളെ ഗ്രൗണ്ടിലേക്കും താമസസ്ഥലത്തേക്കും എത്തിക്കാന്‍ 50 ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.