കാരാഗൃഹത്തില്‍ മണവാളനായി സുനീര്‍

Posted on: January 26, 2016 10:19 am | Last updated: January 26, 2016 at 10:19 am

മഞ്ചേരി: ഹൈക്കോടതി ഉത്തരവ് പ്രകാരം സുനീറിന്റെ നിക്കാഹ് ഇന്നലെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ നടന്നു. പൂക്കോട്ടൂര്‍ ഇല്ല്യന്‍പറമ്പ് നന്നാടന്‍ മുഹമ്മദിന്റെ മകള്‍ ആശിഖയെ ജയിലിനകത്തുവെച്ച് വള്ളുവമ്പ്രം മുപ്പാറക്കല്‍ പീടികപ്പറമ്പന്‍ അബ്ദുല്‍ അസീസിന്റെ മകന്‍ സുനീര്‍ (23) തന്റെ ജീവിത സഖിയാക്കി.

ഏറെക്കാലത്തെ പ്രണയം ഇരുവരുടെയും ബന്ധുക്കള്‍ അറിഞ്ഞപ്പോള്‍ സുനീറിന്റെ പിതാവ് ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇതോടെ ആശിഖയുടെ ബന്ധുക്കള്‍ പരാതി നല്‍കി. മഞ്ചേരി എസ് ഐ. കെ എക്‌സ് സില്‍വസ്റ്ററിന്റെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടന്നെങ്കിലും സുനീറിന്റെ ബന്ധുക്കള്‍ അയഞ്ഞില്ല. തുടര്‍ന്നാണ് കേസായത്. സി ഐ. സണ്ണി ചാക്കോ അറസ്റ്റ് ചെയ്ത സുനീറിനെ മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ സുനീറിന്റെ പിതാവ് രമ്യതക്ക് തയ്യാറാവുയും ഇരു കുടുംബങ്ങളും ഹൈക്കോടതിയിലെത്തി വിവാഹത്തിന് അനുമതി തേടുകയുമായിരുന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്, മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് കെ ഹസ്സന് ജയിലില്‍ നിക്കാഹിന് സൗകര്യം ചെയ്തു നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. രജിസ്റ്റര്‍ മാരേജിനായി സബ് രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു മാസം മുന്‍കൂട്ടി നോട്ടീസ് നല്‍കണമെന്ന നിബന്ധനയുള്ളതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയും ജയില്‍ വിവാഹ വേദിയാകുകയുമായിരുന്നു.
പൂക്കോട്ടൂര്‍ മഹല്ല് ഖാളിയും കാരണവന്മാരും വധൂവരന്മാരുടെ ബന്ധുക്കളും പള്ളി റെക്കോര്‍ഡ് ബുക്ക് സഹിതം ഇന്നലെ മഞ്ചേരി സബ്ജയിലിലെത്തുകയായിരുന്നു. സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ വധുവിന്റെ പിതാവ് മുഹമ്മദ് നിക്കാഹിനായി സുനീറിന് കൈ നല്‍കി. ഖാസിയും മുഅദ്ദിനും നിക്കാഹിന് കാര്‍മികത്വം വഹിച്ചു. കേസ് ഈ മാസം 27ന് ഹൈക്കോടതി പരിഗണിക്കും. ഇതിനു മുമ്പായി നിക്കാഹ് സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കും.