Connect with us

Kozhikode

ചവറം മൂഴി നീര്‍പ്പാലം തകര്‍ച്ചാ ഭീഷണിയില്‍

Published

|

Last Updated

പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നിന്ന് കനാല്‍ ജലവിതരണം ലക്ഷ്യമിട്ട് നാല് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച നീര്‍പ്പാലം തകര്‍ച്ചാ ഭീഷണിയില്‍. മരുതോങ്കര, കുറ്റിയാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചവറം മൂഴി നീര്‍പ്പാലമാണ് അകടാവസ്ഥയിലുള്ളത്. കഴിഞ്ഞ ദിവസം കുറ്റിയാടി പദ്ധതിയില്‍ നിന്നുള്ള ജലചേനത്തിന്റെ ഭാഗമായി വലതു കര മെയിന്‍ കനാല്‍ തുറന്നുവിട്ടപ്പോള്‍, പല ഭാഗങ്ങളിലൂടെയും ജലം ചീറ്റാന്‍ ആരംഭിച്ചതോടെയാണ് നീര്‍പ്പാലത്തിന്റെ സ്ഥിതിയില്‍ ആശങ്കയുയര്‍ന്നത്. പാലത്തിന്റെ രണ്ടറ്റങ്ങളിലുമുള്ള മാന്‍ഹോളിലെ ചോര്‍ച്ചക്ക് പുറമെ പാലത്തിന്റെ മധ്യ ഭാഗത്ത് പ്രത്യക്ഷപ്പെട്ട ശക്തമായ ചോര്‍ച്ച ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചിരിക്കയാണ്. കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ച് സ്ഥാപിച്ച നീര്‍പ്പാലത്തിന് മുകളിലൂടെ വാഹന ഗതാഗതത്തിന് അനുവാദമുണ്ടെങ്കിലും, വലിയതും, ഭാരം കയറ്റിയതുമായ ലോറി, ടിപ്പര്‍ എന്നിവക്ക് വിലക്ക് നിലവിലുണ്ട്. എന്നാല്‍ നിര്‍ദേശം നഗ്നമായി ലംഘിക്കപ്പെടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിങ്കലും മെറ്റലും കയറ്റിയ ലോറി നിത്യേന ഈ പാലത്തിലൂടെ കടന്ന് പോകുന്നതായും, ഇത് പാലത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. വെള്ളിയാഴ്ച നീര്‍പ്പാലം കര കവിഞ്ഞൊഴുകിയത് ആശങ്കക്കിടയാക്കി. പാലത്തിന്റെ മാന്‍ഹോളിലൂടെ ശക്തിയായി വെള്ളം ചീറ്റിയതോടെ പാലത്തിലും റോഡിലുമായി വെള്ളം കെട്ടിക്കിടന്ന് വാഹന ഗതാഗതവും കാല്‍നടയാത്രയും നിലച്ചു. മരുതോങ്കര, പടത്ത് കടവ് സ്‌കൂളുകളിലെത്തേണ്ട വിദ്യാര്‍ഥികളും, ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളും ഏറെ പ്രയാസപ്പെട്ടു. കനാല്‍ തുറക്കുമ്പോള്‍ ഏതാനും ദിവസങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത് പതിവാണെന്നും ഇതില്‍ ആശങ്ക വേണ്ടെന്നുമാണ് അധികൃതരുടെ പ്രതികരണം. അക്ഡൈ്വയിറ്റിന് ഇരുഭാഗവും ഉയര്‍ന്ന പ്രതലത്തിലായതിനാല്‍, വെള്ളം പൂര്‍ണമായി തുറന്നു വിട്ടാല്‍ മാത്രമേ ഇതിന് പൂര്‍ണ പരിഹാരമാകുകയുള്ളുവെന്നും, സങ്കേതിക പ്രശ്‌നങ്ങള്‍ കാരണം കനാല്‍ പൂര്‍ണമായി തുറന്നു വിടാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും അധികൃതര്‍ പറയുന്നു. വിശദീകരണം ഇങ്ങനെയൊക്കെയാണെങ്കിലും പാലത്തിന്റെ ബല ക്ഷയവും, ഭാരം കയറ്റിയ വാഹനങ്ങളുടെ പോക്ക് വരവും പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുകയാണ്.

Latest