സിക്ക വൈറസ് : എല്‍ സാല്‍വദോറില്‍ ഗര്‍ഭധാരണത്തിന് വിലക്ക്

Posted on: January 23, 2016 12:21 am | Last updated: January 23, 2016 at 12:21 am
SHARE

pregnentറിയോ ഡി ജനീറോ: മധ്യ അമേരിക്കന്‍ പസഫിക് തീരദേശ രാജ്യമായ എല്‍ സാല്‍വദോറില്‍ ഗര്‍ഭം ധരിക്കുന്നതിന് വിലക്ക്. മസ്തിഷ്‌കത്തെ ഗുരുതരമായി ബാധിക്കുന്ന സിക്കാ വൈറസ് ബാധയുടെ ഭീഷണിയിലാണ് ഗര്‍ഭം ധരിക്കുന്നത് രണ്ട് വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ സ്ത്രീകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.
ഗര്‍ഭിണികളായ സ്ത്രീകള്‍ വീട്ടനകത്ത് തീര്‍ത്തും മൂടിപ്പുതച്ച് കഴിയണമെന്നും കൊതുക് കടിയേല്‍ക്കാനുള്ള സാധ്യത പൂര്‍ണമായി ഒഴിവാക്കണമെന്നും പൊതു ആരോഗ്യത്തിന്റെ ചുമതലയുള്ള ഉപ മന്ത്രി എഡ്വാര്‍ഡോ എസ്പിനോസ നിര്‍ദേശം നല്‍കി.
ഗര്‍ഭ ധാരണ ശേഷിയുള്ള മുഴുവന്‍ സ്ത്രീകളും കര്‍ശനമായ കുടുംബാസൂത്രണ നടപടികള്‍ സ്വീകരിക്കണം. ഈ വര്‍ഷത്തേക്കും അടുത്ത വര്‍ഷത്തേക്കും ഗര്‍ഭധാരണം ഒഴിവാക്കണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണ് ഈ നിര്‍ദേശം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015ലും ഈ വര്‍ഷം ആദ്യവുമായി 5,397 സിക്കാ കേസുകളാണ് രാജ്യത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഗര്‍ഭധാരണം തടയുകയെന്ന പോംവഴിയിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. കുഞ്ഞുങ്ങളുടെ മസ്തിഷ്‌കം ചുരുങ്ങിപ്പോകുന്നതാണ് ഈ വൈറസ് ബാധയുടെ പ്രധാന ഫലം.
വൈറസ് ബാധ മാരകമായ തോതില്‍ കണ്ടെത്തിയ ബ്രസീലില്‍ നിരവധി കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ ജനിച്ചത്. എല്‍ സാല്‍വദോറില്‍ ഇതിനകം 96 ഗര്‍ഭിണികള്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബ്രസീല്‍ കഴിഞ്ഞാല്‍ വൈറസ് ബാധ ഏറ്റവും കൂടുതല്‍ കണ്ടെത്തിയിട്ടുള്ള കൊളംബിയയിലും ഗര്‍ഭധാരണം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. എട്ട് മാസത്തേക്ക് വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം, ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തുകയും വാക്‌സിനുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നതിന് പകരം ജനന നിയന്ത്രണത്തിനുള്ള അവസരമായി ഇത് മാറ്റുന്നതിനെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ഗവേഷകരും വിദേശ വിദഗ്ധരും ചേര്‍ന്ന് വാക്‌സിനടുത്തെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് പറഞ്ഞിരുന്നു.
ഡെങ്കി, ചുക്കുന്‍ഗുനിയ എന്നിവ പരത്തുന്ന ഈഡിസ് കൊതുക് തന്നെയാണ് സിക്കയും പരത്തുന്നത്. സാധാരണഗതിയില്‍ ഈ വൈറസ് ബാധ അത്ര മാരകമല്ല. പനി, ചൊറിച്ചില്‍, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാകുക. ഒരാഴ്ചക്കകം രോഗവിമുക്തി നേടുകയും ചെയ്യും. എന്നാല്‍ ഗര്‍ഭിണികളില്‍ ഈ രോഗം മാരകമാണ്. കുഞ്ഞിന്റെ മസ്തിഷ്‌ക വളര്‍ച്ചയെ സാരമായി ബാധിക്കുകയും തലയുടെ വലിപ്പം ചുരുങ്ങിപ്പോകുകയും ചെയ്യും. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞിന് മാനസിക, ശാരീരിക വളര്‍ച്ചക്കുറവുണ്ടാകും. 1947ല്‍ ആഫ്രിക്കന്‍ വന്‍കരയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.