കതിരൂര്‍ മനോജ് വധക്കേസ്:പി ജയരാജന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

Posted on: January 22, 2016 10:19 am | Last updated: January 22, 2016 at 10:19 am

p jayarajanതലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്ത സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്ന് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. മുമ്പ് രണ്ടുതവണയും പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തലശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു.

കേസില്‍ ജയരാജന്‍ പ്രതിയല്ലെന്നതായിരുന്നു കോടതി ജാമ്യം നിഷേധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇന്നലെ സിബിഐ ജയരാജനെ പ്രതിപട്ടികയില്‍ ചേര്‍ത്തിരുന്നു. പ്രതിയായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കുമെന്ന നേരിയ പ്രതീക്ഷ നിലനില്‍ക്കുന്നു. പി ജയരാജന്‍ എകെജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍.

എന്നാല്‍ യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കുന്നതിന്റെ നിയമപരമായ പരിമിതികളുണ്ട് സിബിഐ ചൂണ്ടിക്കാട്ടും. ജാമ്യാപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സിപിഐഎം തീരുമാനം. എന്നാല്‍ പി ജയരാജന്‍ നിയമനടപടികളിലേക്ക് പോകുന്നതിനു മുമ്പേ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐക്ക് സാധിക്കും.