Connect with us

Gulf

കെട്ടിട സാമഗ്രി വ്യവസായം: ജി സി സിയില്‍ 14 ശതമാനം വളര്‍ച്ച

Published

|

Last Updated

ദോഹ: ജി സി സിയില്‍ കെട്ടിട സാമഗ്രി വ്യവസായ രംഗത്ത് 14 ശതമാനം ശരാശരി വളര്‍ച്ച. 37 ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. ഉത്പാദന മേഖലയിലെ വര്‍ധിക്കുന്ന നിക്ഷേപത്തില്‍ മൂന്നാം റാങ്കാണ് ഇതെന്നും ഗള്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിംഗ് (ഗോയ്ക്) നടത്തിയ പഠനത്തില്‍ പറയുന്നു.
ഗ്ലാസ്, ഗ്ലാസ് ഉത്പന്നങ്ങള്‍, റിഫ്രാക്ടറി ഉത്പന്നങ്ങള്‍, ചെളി ഉപയോഗിച്ചുള്ള വസ്തുക്കള്‍, സെറാമിക്, സിമന്റ്, ചുണ്ണാമ്പ്, പ്ലാസ്റ്റര്‍, കോണ്‍ക്രീറ്റ്, കല്ല് തുടങ്ങിയവയുടെ ഉത്പാദനമാണ് കെട്ടിട നിര്‍മാണ സാമഗ്രി വ്യവസായത്തില്‍ ഉള്‍പ്പെടുക. സെറാമിക് ഉത്പന്നങ്ങളുടെ നിക്ഷേപം 201-14 കാലയളവില്‍ പരമാവധി 30 ശതമാനം (4.15 ബില്യന്‍ ഡോളര്‍) ആയിട്ടുണ്ട്. നണ്‍ മെറ്റല്‍ മിനറല്‍ ഉത്പന്നങ്ങളുടെത് 24 ശതമാനവും (0.37 ബില്യന്‍ ഡോളര്‍) റെഡി മിക്‌സിന്റെത് 19 ശതമാനവും (5.27 ബില്യന്‍ ഡോളര്‍) കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍, ഇഷ്ടിക, മൊസൈക് ടൈലുകള്‍ തുടങ്ങിയവയുടെത് 17 ശതമാനവും (4.71 ബില്യന്‍ ഡോളര്‍) പ്ലാസ്റ്റര്‍ ഉത്പന്നങ്ങളുടെത് 15 ശതമാനവും (ഒരു ബില്യന്‍ ഡോളര്‍) സിമന്റ്, ചുണ്ണാമ്പ് എന്നിവയുടെത് പത്ത് ശതമാനവും (1.21 ബില്യന്‍ ഡോളര്‍) ഗ്ലാസ്, ഗ്ലാസ് ഉത്പന്നങ്ങളുടെത് പത്ത് ശതമാനവും (2.4 ബില്യന്‍ ഡോളര്‍), മണല്‍, കല്ല് എന്നിവയുടെത് രണ്ട് ശതമാനവും (0.64 ബില്യന്‍ ഡോളര്‍) ആയിട്ടുണ്ട്.
സിമന്റ്, ചുണ്ണാമ്പ് എന്നിവയിലെ നിക്ഷേപമാണ് പട്ടികയില്‍ മുന്നിലുള്ളത്. റെഡി മിക്‌സ്, കോണ്‍ക്രീറ്റ് കട്ടകള്‍, സെറാമിക്, ഗ്ലാസ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, പ്ലാസ്റ്റര്‍, മണല്‍, കല്ല്, മറ്റ് നണ്‍ മെറ്റലിക് മിനറല്‍ ഉത്പന്നങ്ങള്‍ എന്നിവയാണ് ശേഷമുള്ളത്. നിരവധി വാണിജ്യ, വ്യവസായ, താമസ കെട്ടിടങ്ങള്‍, വിനോദ സിറ്റികള്‍, അടിസ്ഥാന സൗകര്യവികസനം, മറ്റ് വികസന പദ്ധതികള്‍ തുടങ്ങിയവ ജി സി സി രാഷ്ട്രങ്ങളില്‍ വന്‍തോതില്‍ നടന്നുവരുന്നതിനാലാണ് ഇവയുടെ നിക്ഷേപം വര്‍ധിച്ചതെന്ന് ഗോയ്ക് സെക്രട്ടറി ജനറല്‍ അബ്ദുല്‍ അസീസ് ബിന്‍ ഹമദ് അല്‍ അഗീല്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒമ്പത് ശതമാനം ശരാശരി വളര്‍ച്ച കാണിച്ച 2858 കമ്പനികള്‍ ആണുള്ളത്. മൊത്തം കമ്പനികളുടെ 17.5 ശതമാനം വരുന്ന ഈ കമ്പനികളില്‍ 2.59 ലക്ഷം പേര്‍ തൊഴില്‍ ചെയ്യുന്നുണ്ട്. നണ്‍ മെറ്റലിക് മിനറല്‍ പ്രൊഡക്ട് മേഖല 4978ഉം റെഡിമിക്‌സ് 78771ഉം പ്ലാസ്റ്റര്‍ 6420ഉം കോണ്‍ക്രീറ്റ് ബ്ലോക്ക് 63287ഉം ഗ്ലാസ്, ഗ്ലാസ് ഉത്പന്നങ്ങള്‍ 18627ഉം മാര്‍ബിള്‍, ഗ്രാനൈറ്റ് 30174ഉം മണല്‍, കല്ല് 12840ഉം സിമന്റ്, ചുണ്ണാമ്പ് 25681ഉം സെറാമിക് 18269ഉം പേര്‍ക്ക് ജോലി നല്‍കുന്നു. റെഡി മിക്‌സ് മേഖലയാണ് കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്നത്.

---- facebook comment plugin here -----

Latest