പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: ഇ ടി

Posted on: January 19, 2016 10:44 am | Last updated: January 19, 2016 at 10:44 am
SHARE

മലപ്പുറം: ജില്ലയില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും പോലീസ് വെരിഫിക്കേഷന്‍ വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ഇ ടി മുഹമ്മദ് ബശീര്‍ എം പി ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് നടപടി വേണം.

പോലീസ് വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ ആക്കണം. പോലീസ് വെരിഫിക്കേഷന് ജില്ലയില്‍ മാത്രമാണ് കാലതാമസം ഉണ്ടാകുന്നത്. മറ്റ് ജില്ലകളില്‍ 80 ശതമാനം വരെ അപേക്ഷകളും 21 ദിവസത്തിനകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നുണ്ട്. പാസ്‌പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്തുന്ന കാര്യത്തിലും അനുഭാവ പൂര്‍ണമായ സമീപനം വേണം. പാസ്‌പോര്‍ട്ട് ഓഫീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം. ജനത്തിന് പാസ്‌പോര്‍ട്ട് ഓഫീസിന്റെ നടപടികള്‍ മനസിലാക്കാവുന്ന വിധം സുതാര്യത വേണം. പോലീസ് വെരിഫിക്കേഷന്റെ സ്ഥിതി വരെ അപേക്ഷകന് ഓണ്‍ലൈനില്‍ ലഭ്യമാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് വെരിഫിക്കേഷന്റെ ചുമതല പഴയതു പോലെ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതിന്റെ സാധ്യത ആരായും. 1989 ജനുവരി 26ന് ശേഷം ജനിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിബന്ധന 2005ന് ശേഷം ജനിച്ചവര്‍ക്കായി പരിമിതപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും ബശീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here