മനസ്സ് തളരരുത്; മനുവിനും സഹോദരിമാര്‍ക്കും ആനുകൂല്യങ്ങളുമായി മന്ത്രി ജയലക്ഷ്മി

Posted on: January 15, 2016 10:50 am | Last updated: January 15, 2016 at 10:50 am
SHARE

മാനന്തവാടി: അനാഥമായ ആദിവാസി ബാല്യങ്ങള്‍ക്ക് കൈനിറയെ ആനുകൂല്യങ്ങളുമായി മന്ത്രി ജയലക്ഷ്മി. ശരീരം അരക്കു താഴെ തളര്‍ന്ന് വീടിന്റെ ഇരുട്ടുമുറിയില്‍ ദുരിതജീവിതം നയിക്കുന്ന തിരുനെല്ലി ചെമ്പകമൂലയിലെ മനുവിനും സഹോദരിമാരായ മഞ്ജുഷ, മഞ്ജുള, സുശീല എന്നിവര്‍ക്കും താങ്ങാകാന്‍ പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.

മനുവിന്റെ ചികില്‍സക്ക് അടിയന്തിരമായി ഒരു ലക്ഷം രൂപ അനുവദിക്കണമെന്നും സഹോദരിമാരുടെ തുടര്‍ പഠനം ഉറപ്പുവരുത്തണമെന്നും ഭക്ഷ്യ ധാന്യങ്ങളും വസ്ത്രങ്ങളും കോളനിയില്‍ എത്തിക്കണമെന്നും ശരീരം തളര്‍ന്ന മനുവിന് ഉപയോഗിക്കുന്നതിനായി യൂറോപ്യന്‍ മോഡല്‍ കക്കൂസ് നിര്‍മ്മിച്ചുനല്‍കണമെന്നും ആവശ്യമായ മറ്റ് സഹായങ്ങളും ഇവര്‍ക്ക് അനുവദിക്കണമെന്നും മന്ത്രി പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൈത്താങ്ങ് പദ്ധതിയില്‍ മഞ്ജുഷ, മഞ്ജുള, സുശീല എന്നീ സഹോദരിമാരെയും മനുവിനെയും ഉള്‍പ്പെടുത്തി പ്രതിമാസം ആയിരംരൂപ വീതം ധനസഹായം നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഹോദരിമാര്‍ക്ക് ദുര്‍ഘടസന്ധിയില്‍ താങ്ങും തണലുമാകേണ്ട മാതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു. പിതാവ് എവിടെയുണ്ടെന്നുപോലും ഇവര്‍ക്ക് അറിയില്ല. രണ്ടുസഹോദരിമാര്‍ പഠനം ഉപേക്ഷിച്ചു. ഇളയ സഹോദരി ഏഴാംക്ലാസില്‍ പഠിക്കുന്നു. ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കൂലിപ്പണിയെടുത്താണ് സഹോദരിമാര്‍ മനുവിനെ സംരക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here