അറബി കാപ്പിയും മജ്‌ലിസും യുനെസ്‌കോ പൈതൃക പട്ടികയില്‍

Posted on: January 14, 2016 6:28 pm | Last updated: January 16, 2016 at 2:01 pm
SHARE

Untitled-3 copyദോഹ: അറബ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളായ മജ്‌ലിസും അറബി കാപ്പിയും യുനെസ്‌കോ പട്ടികയില്‍. യുനെസ്‌കോയുടെ മാനവികതയുടെ മൂല്യവത്തായ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഇവരണ്ടും ഉള്‍പ്പെട്ടത്.
ഖത്വറിന് പുറമെ യു എ ഇ, സഊദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് അല്‍ മജ്‌ലിസും അറബിക് കോഫിയും ഈ പട്ടികയിലേക്ക് ശിപാര്‍ശ ചെയ്തത്. കഴിഞ്ഞ മാസം നമീബിയയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഇവ ഉള്‍പ്പെടുത്തിയത്. മറ്റ് 23 എണ്ണവും ഉള്‍പ്പെടുത്തിയിരുന്നു. സംരക്ഷണം, പ്രചാരണം തുടങ്ങിയവയിലുള്ള യഥാര്‍ഥ മേഖലാ സഹകരണം എന്ന നിലയില്‍ വലിയ പ്രതീകമാണ് ഈ രണ്ട് ഘടകങ്ങളെന്നും മൂല്യവത്തായ പൈതൃകങ്ങള്‍ പുതുതലമുറയില്‍ പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ദോഹയിലെ യുനെസ്‌കോ ഓഫീസ് ഡയറക്ടറും ഗള്‍ഫ് മേഖലയിലെയും യമനിലെയും യുനെസ്‌കോ പ്രതിനിധിയുമായ അന്നാ പോളിനി പറഞ്ഞു. ഈ രണ്ട് സാംസ്‌കാരിക തനിമകളെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സഹായിച്ചവരെ സാംസ്‌കാരിക മന്ത്രാലയം ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Untitled-4 copyരാജ്യത്തിന്റെ പൈതൃകങ്ങളെ സംരക്ഷിക്കുന്ന പ്രാദേശിക സമൂഹങ്ങളെ ഉള്‍പ്പെടുത്തി സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഖത്വര്‍ അധികൃതരുടെ പരിശ്രമത്തെ അവര്‍ അഭിനന്ദിച്ചു. സ്വത്വ സംരക്ഷണത്തിനും സാംസ്‌കാരിക നാനാത്വം പ്രോത്സാഹിപ്പിക്കുന്നതിനും അമൂല്യ പൈതൃകങ്ങള്‍ വലിയ പങ്കുവഹിക്കുന്നതിനാല്‍ അവയെ സംരക്ഷിക്കേണ്ടത് തുടരേണ്ടതുണ്ട്.
അറബ് സമൂഹത്തിന്റെ ആതിഥേയ മര്യാദയുടെ പ്രധാന വശമാണ് അറബിക് കോഫി. ഉദാരതയുടെ ആചാരപരമായ വശം കൂടിയാണത്. നാട്ടുവര്‍ത്തമാനങ്ങളും ചര്‍ച്ചകളും നടത്തുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്യുന്ന വേദിയാണ് മജ്‌ലിസ്. പുതുതലമുറക്ക് കഥകളും കവിതകളും പാട്ടുകളും ചൊല്ലിക്കൊടുക്കുകയും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുകയും ചെയ്യുന്ന വേദി കൂടിയാണിത്.
ഈ രണ്ട് ഘടകങ്ങളും യുനെസ്‌കോ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചവരെ സാംസ്‌കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here