ഘോഷയാത്രകളില്‍ മാത്രമല്ല ബാലപീഡനം

Posted on: January 14, 2016 6:00 am | Last updated: January 14, 2016 at 1:43 am
SHARE

കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഘോഷയാത്ര ഒരു കാരണവശാലും മൂന്ന് മണിക്കൂറില്‍ കൂടാന്‍ പാടില്ല, പങ്കെടുപ്പിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം, അത്യാവശ്യ ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കണം, കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണം, പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30നും വൈകുന്നേരം 4.30നും ഇടയില്‍ പങ്കെടുപ്പിക്കരുത് തുടങ്ങിയവയാണ് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍. കുട്ടികളെ നിര്‍ബന്ധപൂര്‍വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കലാലയങ്ങളിലും പുറത്തും കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകളും മറ്റു പരിപാടികളും വ്യാപകമാണ്. ശിശുദിനം, സ്വാതന്ത്ര്യദിനം, മനുഷ്യാവകാശ ദിനം, പരിസ്ഥിതി ദിനം, യുവജനോത്സവം തുടങ്ങിയവയോടനുബന്ധിച്ചും സ്‌കൂള്‍ വാര്‍ഷികങ്ങളിലുമെല്ലാം മിക്ക സ്ഥാപങ്ങളും ഇത് സംഘടിപ്പിക്കാറുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കുകയും അവരുടെ പങ്കാളിത്ത അവകാശത്തെ മാനിക്കുകയുമാണ് ഉദ്ദേശ്യമെങ്കിലും പലപ്പോഴും അത് കുട്ടികള്‍ക്ക് പീഡനമായിത്തീരാറുണ്ട്. പൊരിവെയിലിലാണ് ചില ഘോഷയാത്രകള്‍ നടത്താറ്. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ദാഹമകറ്റാനോ വിഷപ്പകറ്റാനോ ആവശ്യമായ പാനീയങ്ങളോ ഭക്ഷണമോ നല്‍കാറുമില്ല. ഇത് മൂലം നടന്നും വെയിലേറ്റും ദാഹിച്ചും ഘോഷയാത്ര അവസാനിക്കുമ്പോഴേക്ക് കുട്ടികള്‍ ക്ഷീണിക്കും. പലപ്പോഴും തളര്‍ന്നുവീഴും. ഇതവര്‍ക്കേല്‍പ്പിക്കുന്ന മാനസിക പീഡനവും ചെറുതല്ല. പുതിയ വിദ്യാഭ്യാസ സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കനത്ത ഭാരത്തോടൊപ്പം ഇതുപോലുള്ള മാനസിക സമ്മര്‍ദങ്ങള്‍ കൂടിയേല്‍ക്കേണ്ടി വരുന്നത് കുട്ടികളില്‍ മാനസികാഘാതത്തിനിടയാക്കും.
ഇതേപോലെ മറ്റു കലാലയ ചടങ്ങുകളിലും അസംബ്ലികളിലും കുട്ടികള്‍ പീഡിപ്പിക്കപ്പെടാറുണ്ട്. പലപ്പോഴും മന്ത്രിമാരെയോ നേതാക്കളെയോ കാത്ത് കുട്ടികള്‍ കൊടുംവെയിലേറ്റ് ദുരിതമനുഭവിക്കുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ചു കഴിഞ്ഞ ഒക്‌ടോബറില്‍ ഡല്‍ഹിയിലെ കേരള സ്‌കൂളില്‍ കുട്ടികളെ നട്ടുച്ച നേരത്ത് പൊരിവെയിലില്‍ പിടിച്ചിരുത്തിയത് രണ്ട് മണിക്കൂറോളമാണ്. മുഖ്യാതിഥിയായ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് വേണ്ടിയായിരുന്നു ഈ കാത്തിരിപ്പ്. ചടങ്ങിന്റെ പ്രധാന ഇനം കുട്ടികളുടെ ചിത്രരചനയായിരുന്നു. ഇതിനായി രാവിലെ 11 മണിക്ക് മുമ്പേ കുട്ടികളെ ഗ്രൗണ്ടില്‍ വെയിലത്ത് അണിനിരത്തി. ഉദ്ഘാടനം ചെയ്യേണ്ടത് മന്ത്രിയാണ്. അദ്ദേഹത്തിനായി കുട്ടികള്‍ രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് മന്ത്രിക്ക് എത്താനാകില്ലെന്ന് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്. കോട്ടയം നഗരസഭയുടെ ഗാന്ധി പ്രതിമാ സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ചും സ്‌കൂള്‍ കുട്ടികള്‍ക്ക് കടുത്ത പീഡനം ഏല്‍ക്കേണ്ടിവന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസിലിരുന്ന് ക്ഷീണിച്ച കുട്ടികളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിര്‍ബന്ധപൂര്‍വം പിടിച്ചിരുത്തിയത്. മുഖ്യമന്ത്രിയാകട്ടെ ഏറെ താമസിച്ചു വൈകീട്ട് ഏഴ് മണിക്കാണ് ചടങ്ങിനെത്തിയത്. അത് വരെ കുട്ടികള്‍ ചടഞ്ഞിരിക്കേണ്ടി വന്നു. ഔദ്യോഗിക പരിപാടികള്‍ക്ക് സദസ്സൊരുക്കാനും കുട്ടികളെ ബലിയാടാക്കും. സ്‌കൂള്‍ അസംബ്ലിക്കായും കുട്ടികളെ ഏറെ നേരം വെയിലത്ത് നിര്‍ത്താറുണ്ട്. ഇതിനിടയില്‍ സൂര്യതാപമേറ്റ് തല കറങ്ങി വീഴുന്നത് സാധാരണമാണ്. കുമളി അമലാംബിക സ്‌കൂളില്‍ ഇതിനിടെ മുപ്പതോളം കുട്ടികള്‍ ഒന്നിച്ചു തലകറങ്ങി വീണ സംഭവമുണ്ടായി. അസംബ്ലിക്കായി രണ്ട് മണിക്കൂറോളം കൊടും വെയിലില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ തളര്‍ന്നുവീഴുകയായിരുന്നു. സ്‌കൂളിന് മികച്ച ഫലം കിട്ടാനായി പ്രായവും ബുദ്ധിവികാസത്തിന്റെ തോതും പരിഗണിക്കാതെ കുട്ടികളുടെ മേല്‍ താങ്ങാനാകാത്ത പഠനഭാരം അടിച്ചേല്‍പിക്കുന്ന പ്രവണതയുമുണ്ട്. ചുട്ടുപൊള്ളുന്ന വെയിലില്‍ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിപ്പൊരിക്കുന്നതും സംസ്ഥാനത്തെങ്ങും പതിവു കാഴ്ചയാണ്. പുറപ്പെടുമ്പോള്‍ മാത്രമേ വിദ്യാര്‍ഥികള്‍ കയറാവൂ എന്നാണ് ബസ് ജീവനക്കാരുടെ അലിഖിത നിയമം. ഇക്കാരണത്താല്‍ ഉച്ചക്ക് സ്‌കൂള്‍ വിട്ടുപോകുന്ന കുട്ടികള്‍ വെയില്‍ കൊണ്ട് പുറത്തുനില്‍ക്കേണ്ടിവരുന്നു. ഇത്തരം പീഡനങ്ങള്‍ തടയാനും ശക്തമായ നടപടി വേണം.
അതേസമയം, ആഘോഷച്ചടങ്ങുകളുടെ ഭാഗമായി നടത്തുന്ന ഘോഷയാത്രകളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കാന്‍ നിയന്ത്രണ വിധേയമായി കുട്ടികള്‍ക്ക് അവസരം നല്‍കേണ്ടതുമാണ്. കുഞ്ഞുമനസ്സുകള്‍ ഇത്തരം പരിപാടികളില്‍ തത്പരരായിരിക്കും. അതവര്‍ക്ക് ആവേശം പകരുകയും അവരുടെ മാനസിക വികാസത്തെ സഹായിക്കുകയും ചെയ്യും. സമയദൈര്‍ഘ്യം മൂലമോ മറ്റോ അതൊരു പീഡനമായി മാറുമ്പോള്‍ മാത്രമാണ് വിമര്‍ശിക്കേണ്ടത്.