ജെല്ലിക്കെട്ട് അനുമതി പുനഃപരിശോധിക്കണം

Posted on: January 10, 2016 6:00 am | Last updated: January 9, 2016 at 11:19 pm
SHARE

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കയാണ്. വസന്തകാല വിളവെടുപ്പിനു മുന്നോടിയായി മകരസംക്രാന്തിയോടടുപ്പിച്ച് തമിഴ്‌നാട്ടിലെ അവണിയാപുരം, പാലമേട്, അളകാനെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തപ്പെടാറുള്ള ഈ ക്രൂരവിനോദം മൃഗസംരക്ഷണ നിയമപ്രകാരം കഴിഞ്ഞവര്‍ഷം സുപ്രീംകോടതി നിരോധിച്ചതായിരുന്നു. ഈ വിനോദത്തോടിന് മൃഗങ്ങളെ മെരുക്കിയെടുക്കുന്നതിന് അവയെ ക്രൂരമായി പീഡിപ്പിക്കുന്നതായും ജെല്ലിക്കെട്ട് സംഘാടനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടാകുന്നതായും ചൂണ്ടിക്കാടി ദേശീയ മൃഗക്ഷേമ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധം. നൂറുകണക്കിന് മൃഗങ്ങള്‍ ഈ വിനോദത്തിനിടെ ക്രൂരമായി കൊല്ലപ്പെടുന്നതായി ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഇതിനെതിരേ നടപടി സ്വീകരിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പിനോടും സര്‍ക്കാറുകളോടും നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നിരോധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജെല്ലിക്കെട്ട് നടന്നിരുന്നില്ല. നിരോധം വകവെക്കാതെ ചിലര്‍ അത് നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസ് അത് തടയുകയായിരുന്നു.
ജെല്ലിക്കെട്ട് പുനരാരംഭിക്കാന്‍ അനുമതി നല്‍കുന്നതിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടിയപ്പോള്‍ നിരോധം തുടരണമെന്നും നീക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ശിപാര്‍ശ. മൃഗക്ഷേമ ബോര്‍ഡിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിലപാടും ഇതുതന്നെയാണ.് ജെല്ലിക്കെട്ട് പുനരാരംഭിക്കരുതെന്നാവശ്യപ്പെട്ട് മൃഗക്ഷേമ ബോര്‍ഡ് പ്രകാശ് ജാവേദ്കറിന് കത്തെഴുതുകയുമുണ്ടായി. മൃഗസംരക്ഷണ പ്രസ്ഥാനങ്ങളും സര്‍ക്കാറിതര സന്നദ്ധ സംഘടനകളും നിരോധം തുടരണമെന്ന ആവശ്യവുമായി രാജ്യവ്യാപക ക്യാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാള. കരടി, കുരങ്ങ്, സിംഹം, കടുവ പുലി തുടങ്ങിയ മൃഗങ്ങളെ പ്രദര്‍ശന വസ്തുവാക്കുന്നതും വിനോദത്തിനുപയോഗിക്കുന്നതും 2011ല്‍ കേന്ദ്രം നിരോധിച്ചതുമാണ്. ഇതെല്ലാം അവഗണിച്ചും സുപ്രീംകോടതി വിധി മറികടന്നുമാണ് കേന്ദ്രമിപ്പോള്‍ ജയലളിതയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പുനരാനുമതി നല്‍കിയത്.തമിഴ്‌നാട് സംസ്‌കൃതിയുടെ ഭാഗമാണ് ജെല്ലിക്കെട്ടെന്നും അത് പുനരാരംഭിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അവര്‍ കത്തയക്കുകയുമുണ്ടായി. നിരോധത്തിനെതിരെ തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലുയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍, ആസന്നമായ സംസ്ഥാന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജയ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഈ രാഷ്ട്രീയ താത്പര്യം തന്നെയാണ് ബി ജെ പിയിലെയും മന്ത്രിസഭയിലെയും ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതും. കേന്ദ്ര മന്ത്രി മേനകാ ഗാന്ധി ജെല്ലിക്കെട്ട് നിരോധം തുടരണമെന്ന പക്ഷക്കാരിയാണ്. ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്ത മേനക, കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ കന്നുകാലികള്‍ കൊല്ലപ്പെടാനും മനുഷ്യര്‍ക്കും ജീവഹാനി സംഭവിക്കാനും ഇടയാകുന്ന ഈ വിനോദം പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നുമാണ് അഭിപ്രായപ്പെട്ടത്.
അപരിഷ്‌കൃതമായ ആഘോഷമാണ് ജെല്ലിക്കെട്ട്. ഇരുട്ടറകളില്‍ അടച്ചിട്ട് ക്രൂരമര്‍ദ്ദനങ്ങളിലൂടെയാണ് വിനോദത്തിനുള്ള മൃഗങ്ങളെ മെരുക്കിയെടുക്കുന്നത്. മലദ്വാരത്തില്‍ മുളകരച്ചു തേക്കുന്നതുള്‍പ്പെടെയുള്ള ക്രൂരമായ മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. മദ്യം കുടിപ്പിച്ചും ഉത്തേജക മരുന്നുകള്‍ നല്‍കിയും അവയെ മദോന്മത്തരാക്കുയും ചെയ്യും. ഈ വേദനയും മന്ദതയും മൂലം ഭ്രാന്തമായ അവസ്ഥയിലാണ് ജെല്ലിക്കെട്ടില്‍ പങ്കെടുപ്പിക്കുന്നത്. ചാട്ടക്കടിച്ചും കൊമ്പു ശക്തിയായി പിടിച്ചുലച്ചും കീഴ്‌പെടുത്തി അവയുടെ പുറത്ത് കയറാനുള്ള സാഹസമാണ് ഈ വിനോദത്തില്‍ അരങ്ങേറുന്നത്. ഇതിനിടയില്‍ പലര്‍ക്കും മരണം സംഭവിക്കകയോ മാരകമായ പരുക്കല്‍ക്കുകയോ ചെയ്‌തേക്കാം. 2010ലെ ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 21 പേര്‍ മരിക്കുകയും 1,600 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരമ്പരാഗത ആചാരങ്ങളുടെ പേരിലും ദേവപ്രീതിക്കെന്ന വ്യാജേനയും നടത്തപ്പെടുന്ന ഈ വിനോദത്തിന്റെ മറവില്‍ കോടികളുടെ വാതുവെപ്പും കള്ളപ്പണത്തിന്റെ ഒഴുക്കുമാണ് നടക്കുന്നത്. കള്ളപ്പണ,വാതുവെപ്പ് മാഫിയ ഇതിനായി തമിഴ്‌നാട്ടിലെ നിരക്ഷരരായ ജനതയെ ബലിയാടാക്കുകയാണ്. ദേവപ്രീതിക്കാണ് ജെല്ലിക്കെട്ട് നടത്തുന്നതെന്നും അത് നിരോധിച്ചാല്‍ ദേവകോപമുണ്ടാകുമെന്നും മറ്റുമുള്ള പ്രചാരണത്തിലൂടെ ഗ്രാമീണരെ ഇവര്‍ നിരോധത്തിനെതിരെ രംഗത്തിറക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ ഈയിടെ ഉണ്ടായ പ്രളയത്തിന് കാരണം ജെല്ലിക്കെട്ട് നിരോധമാണെന്ന പ്രചാരണവും അരങ്ങേറിയിരുന്നു. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ മൃഗങ്ങളോട് ചെയ്യുന്ന ഈ ക്രൂരത പരിഷ്‌കൃത സമൂഹത്തിന് ചെര്‍ന്നതല്ല. മനുഷ്യരെ അക്രമിക്കുകയും കടിച്ചുകീറുകയും ചെയ്യുന്ന നായ്ക്കളെ, മൃഗസ്‌നേഹത്തിന്റെ പേരില്‍ കൊല്ലരുതെന്ന് ശഠിക്കുന്നവര്‍ കേവല രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി മൃഗങ്ങള്‍ക്ക് ക്രൂരമായ പീഡനമേല്‍ക്കാന്‍ ഇടയാക്കുന്ന ഇത്തരം വിനോദങ്ങള്‍ക്ക് അനുമതി നല്‍കുന്നത് വിരോധാഭാസമാണ്. ജെല്ലിക്കെട്ടിന് സര്‍ക്കാര്‍ നല്‍കിയ അനുമതി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.