ജയചന്ദ്രനും ബഷീറിനും പുരസ്‌കാരം

Posted on: January 7, 2016 9:01 pm | Last updated: January 7, 2016 at 9:01 pm

jayachandran,km basheerദുബൈ: ഗള്‍ഫ് മെയില്‍ ഏര്‍പെടുത്തിയ പ്രഥമ മലയാളി മിത്ര പുരസ്‌കാരം പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രനും പ്രവാസി മിത്ര പുരസ്‌കാരം മലബാര്‍ ഡവലപ്‌മെന്റ് ഫോറം വര്‍ക്കിംഗ് ചെയര്‍മാന്‍ കെ എം ബഷീറിനും ലഭിച്ചു. കേരളീയ പൊതുമണ്ഡലത്തിലെ സാമൂഹ്യ പ്രശ്‌നങ്ങളോടുള്ള നിലപാടുകളിലും എന്നും മാനവ പക്ഷത്താണ് ജയചന്ദ്രന്‍ നിലയുറപ്പിക്കാറുള്ളത്. ഇത്തരം ഇടപെടലുകളിലൂടെ മലയാളിയുടെ മനസ്സില്‍ സൃഷ്ടിച്ചെടുത്ത നന്മയെയാണ് ഗള്‍ഫ് മെയില്‍ മാന്യമിത്ര പുരസ്‌കാരത്തിലൂടെ അടയാളപ്പെടുത്തുന്നത്. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുന്നതിലും വിദേശ മലയാളികളുടെ യാത്രാപ്രശ്‌നങ്ങളിലും വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനത്തിനെതിരിലും സമരം നയിക്കുന്നതാണ് കെ എം ബഷീറിനെ ഗള്‍ഫ് മെയില്‍ പ്രവാസി മിത്ര പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ജനുവരി 28ന് വ്യാഴാഴ്ച ദുബൈ ന്യൂ വേള്‍ഡ് സ്‌കൂളില്‍ നടക്കുന്ന ലയം 2016 മെഗാ ഷോയില്‍ അറബ് പൗരപ്രമുഖരുടെ സാന്നിധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗള്‍ഫ് മെയില്‍ ചീഫ് എഡിറ്റര്‍ അമ്മാര്‍ കിഴുപറമ്പ്, എഡിറ്റര്‍ ഇന്‍ചാര്‍ജ് ഇ കെ ദിനേശന്‍, ഓപണ്‍ പേജ് പബ്ലിഷിംഗ് കമ്പനി സി ഇ ഒ ഫൈസല്‍ മേലടി, മാനേജിംഗ് ഡയറക്ടര്‍ റഫീഖ് മേമുണ്ട എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.