ബാര്‍ കോഴ വിധി എതിരാളികള്‍ക്ക് കിട്ടിയ പെനാല്‍റ്റി: കെ സി അബു

Posted on: January 7, 2016 10:41 am | Last updated: January 7, 2016 at 10:41 am
SHARE

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ അവാസന ഘട്ടത്തില്‍ ഉണ്ടായ ബാര്‍ കോഴ വിധി എതിരാളികള്‍ക്ക് കിട്ടിയ പെനാല്‍റ്റിയായി മാറിയെന്ന് ഡി സി സി പ്രസിഡന്റ് കെ സി അബു. എന്നാല്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ഭീഷണിയും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ കോട്ടങ്ങളാണ് പ്രചരിക്കപ്പെട്ടത്. ബാര്‍ കോഴ വിവാദവും, ബീഫ് വിവാദവും എതിരാളികള്‍ യു ഡി എഫിനെതിരെയുള്ള പ്രധാന ആയുധമാക്കി മാറ്റി. എന്നാല്‍ ഇതില്‍ നിന്നെല്ലാം യു ഡി എഫ് തിരിച്ച് വരുമെന്നും ഭരണ തുടര്‍ച്ച എന്നത് നിശ്ചയമായ കാര്യമാണെന്നും കെ സി അബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എതിര്‍ കക്ഷികളുമായി വേദി പങ്കിട്ടതു കൊണ്ട് മാത്രം ഏതെങ്കിലും ഒരു കക്ഷി യു ഡി എഫില്‍ നിന്നും പുറത്ത് പോകില്ലെന്നും വീരേന്ദ്രകുമാര്‍ വരുന്ന തിരഞ്ഞെടുപ്പിലും യു ഡി എഫിനൊപ്പമുണ്ടാകുമോയെന്ന ചോദ്യത്തിന് അബു മറുപടി നല്‍കി.
യു ഡി എഫിലെ ഒരു കക്ഷിയുമായും നിലവില്‍ പ്രശ്‌നങ്ങളില്ല,അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയിക്കാനായത് ഐക്യത്തോടെ പ്രവര്‍ത്തിച്ചത് കൊണ്ടാണ്. ഇതേ രീതില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടും. വി എം സുധീരനും, രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുടെ പ്രധാന ശക്തികളാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണെന്നും അബു പറഞ്ഞു.