അന്താരാഷ്ട്ര ദഅ്‌വാ സമ്മേളനം: ഹബീബ് അലി ജിഫ്രി മുഖ്യാതിഥിയാകും

Posted on: January 7, 2016 5:09 am | Last updated: January 7, 2016 at 12:10 am
SHARE

habib jifri 2കോഴിക്കോട്: മദീനത്തുന്നൂര്‍ അന്താരാഷ്ട്ര ദഅ്‌വാ കോണ്‍ഫറന്‍സ് നാളെ തുടങ്ങും. അതിഥികളെയും പ്രതിനിധികളെയും സ്വീകരിക്കാന്‍ മര്‍കസ് ഗാര്‍ഡനില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം നാളെ ഉച്ചക്ക് രണ്ടിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാരുടെ ഉദ്ഘാടന സെഷനോടെ ആരംഭിക്കും.
അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ത്വാബാ ഫൗണ്ടേഷന്‍ സ്ഥാപകനും ആഗോള പണ്ഡിതനുമായ ഹബീബ് അലി ജിഫ്രി മുഖ്യാതിഥിയായിരിക്കും. അഹ്മദ് സഅ്ദ് അല്‍അസ്ഹരി ബ്രിട്ടന്‍, ഔന്‍ മുഈന്‍ അല്‍ഖദൂമി ജോര്‍ദ്ദാന്‍, ശൈഖ് അഹ്മദ് ഇബ്‌റാഹീം സൊമാലിയ, ജമാല്‍ കലൂതി അമ്മാന്‍, അഹ്മദ് മുഹമ്മദ് ഹസന്‍ യമന്‍, ശൈഖ് ശൗഖ തുര്‍ക്കി, മൗലാനാ ഗുലാം റസൂല്‍ ഡല്‍ഹി, മുഫ്തി അസ്്‌ലം ബെംഗളൂരു തുടങ്ങിയ അന്താരാഷ്ട്ര പണ്ഡിതരും സംബന്ധിക്കും.
ശനിയാഴ്ച വൈകീട്ട് നടക്കുന്ന സാദാത്തീങ്ങളുടെയും പണ്ഡിതന്മാരുടെയും അപൂര്‍വ സംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് ഹബീബ് അലി ജിഫ്രി തുടങ്ങിയവര്‍ സംബന്ധിക്കും. ഈ സെഷന്‍ പൊതുജനങ്ങള്‍ക്കു കൂടി പങ്കെടുക്കാന്‍ സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി തുടങ്ങിയ പണ്ഡിതരും സംഘടനാനേതാക്കളും വിവിധ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.