കൗമാര കലാമേളക്ക് ഇന്ന് തിരി തെളിയും

Posted on: January 3, 2016 8:32 am | Last updated: January 3, 2016 at 8:32 am
SHARE

മലപ്പുറം: കൗമാര കലാമേളക്ക് ഇന്ന് അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരി തെളിയും. ഇന്ന് മുതല്‍ അഞ്ച് ദിനം ആടിയും പാടിയും വരച്ചും പറഞ്ഞുമെല്ലാം പ്രതിഭകള്‍ മലപ്പുറത്തെ കലാപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കും. പതിനേഴു സബ്ജില്ലകളിലെ 8000ത്തില്‍ പരം സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. 16 വേദികളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍ബ്ബ് നിര്‍വഹിക്കും.
പി കെ ബശീര്‍ എം എല്‍ എ അധ്യക്ഷനാകും. ടൂറിസം-പിന്നാക്കക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍, എം പി മാരായ എം ഐ ഷാനവാസ്, ഇ ടി മുഹമ്മദ് ബശീര്‍, പി വി അബ്ദുല്‍ വഹാബ്, എം എല്‍ എമാരായ എം ഉമ്മര്‍, പി ഉബൈദുല്ല, പി ശ്രീരാമകൃഷ്ണന്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബശീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ന് രാവിലെ 10ന് അരീക്കോട് എം ഇ എ കോളജ് മൈതാനത്ത് നിന്നാരംഭിക്കുന്ന ബാന്റ് വാദ്യ മേളത്തോടെയാണ് കലോത്സവത്തിന് തുടക്കമാകുക. വൈകീട്ട് മൂന്നിന് അരീക്കോട് ജി എം യു പി സ്‌കൂളില്‍ നിന്ന് തുടങ്ങുന്ന ഘോഷയാത്ര മലപ്പുറം ഡി വൈ എസ് പി എ ശറഫുദ്ദീന്‍ ഫഌഗ് ഓഫ് ചെയ്യും. കെ വി അബൂട്ടി സംഗീത സംവിധാനം ചെയ്ത സ്വാഗത ഗാനത്തോടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന വേദിയില്‍ പരിപാടികള്‍ തുടങ്ങും. തുടര്‍ന്ന് വേദി ഒന്നില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ആണ്‍, പെണ്‍ കഥകളി മത്സരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here