ഗദ്ദാഫിയുടെ മകനുമായി പുടിന്റെ മകളുടെ വിവാഹത്തിന് ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തല്‍

Posted on: January 2, 2016 5:00 am | Last updated: January 2, 2016 at 12:00 am
SHARE

Saif_al-Islam_Muammar_Al-Gaddafiട്രിപ്പോളി: മുഅമ്മര്‍ ഗദ്ദാഫി തന്റെ രണ്ടാമത്തെ മകനെക്കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ മകളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലിബിയന്‍ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയുടെ മുന്‍ ഉപദേശകനാണ് ഇക്കാര്യം പുറത്തുവിട്ടത്.
ലിബിയയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഇക്കാര്യം ആവശ്യപ്പെട്ട് ഗദ്ദാഫി പുടിനെ കണ്ടിരുന്നു. ഗദ്ദാഫിയുടെ രണ്ടാമത്തെ മകനായ സെയ്ഫ് അല്‍ ഇസ്‌ലാമിനുവേണ്ടിയായിരുന്നു വിവാഹം ആലോചിച്ചത്. എന്നാല്‍ ഇതില്‍ താത്പര്യം പ്രകടിപ്പിക്കാതെ തന്റെ മകള്‍ക്ക് സെയ്ഫിനെ അറിയില്ലെന്ന് പറഞ്ഞ് പുടിന്‍ പിന്‍മാറുകയായിരുന്നുവെന്ന് ഗദ്ദാഫിയുടെ മുന്‍ ഉപദേശകന്‍ അബ്ദുല്‍ മുത്വലിബ് അല്‍ ഹൗനി അല്‍ അറേബ്യയോട് പറഞ്ഞു. നാറ്റോ പിന്തുണയോടെ 2011ല്‍ നടന്ന സായുധ കലാപത്തിലൂടെയാണ് ഗദ്ദാഫി പുറത്താകുന്നതും കൊല്ലപ്പെടുന്നതും. സെയ്ഫ് അല്‍ ഇസ്‌ലാമിന് ജൂലൈയില്‍ ട്രിപ്പോളിയിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഗദ്ദാഫി കൊല്ലപ്പെട്ട ശേഷം രാജ്യം വിടാന്‍ ശ്രമിച്ച സെയ്ഫിനെ പര്‍വത നഗരമായ സിന്താനില്‍ വെച്ച് മിലീഷ്യാ സംഘം പിടികൂടുകയായിരുന്നു. സെയ്ഫിനെ ഇതുവരെ അവര്‍ കൈമാറിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here