മിസൈല്‍ പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനവുമായി ഇറാന്‍ മുന്നോട്ട്‌

Posted on: January 2, 2016 6:00 am | Last updated: January 1, 2016 at 11:59 pm
SHARE
ഹസന്‍ റൂഹാനി
ഹസന്‍ റൂഹാനി

ടെഹ്‌റാന്‍: ആണവ കരാര്‍ നിലവില്‍ വന്ന ശേഷവും ഇറാനെതിരെ പുതിയ ഉപരോധത്തിന് അമേരിക്ക തയ്യാറാടെക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, രാജ്യത്തെ ബാലിസ്റ്റിക് മിസൈല്‍ പരിപാടി വിപുലമാക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉത്തരവിട്ടു. മിസൈല്‍ പദ്ധതിയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് പ്രതിരോധ മന്ത്രിക്കയച്ച കത്തില്‍ റൂഹാനി വ്യക്തമാക്കി.
ഇറാനിലെ പുതിയ വ്യക്തികളെയും സ്ഥാപനങ്ങളെയും കടുത്ത ഉപരോധത്തിലേക്ക് തള്ളിവിടുന്ന പുതിയ പട്ടിക അമേരിക്ക തയ്യാറാക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ ഇറാന്റെ പ്രതിരോധ പദ്ധതികള്‍ക്ക് വിഘാതമാകരുത്. രാജ്യം അംഗീകരിച്ച പ്രതിരോധ നയത്തിന്റെ അടിസ്ഥാനത്തില്‍ സായുധ സേനക്കാവശ്യമായ മിസൈലുകള്‍ അടക്കമുള്ളവ ഇറാന്‍ ആര്‍ജിക്കുക തന്നെ ചെയ്യുമെന്ന് കത്തില്‍ റൂഹാനി പറഞ്ഞു.
ഇറാന്റെ മിസൈല്‍ പദ്ധതിയുമായി സഹകരിക്കുന്നുവെന്നാരോപിച്ച് ഇറാനിലെ വിവിധ കമ്പനികള്‍, വ്യക്തികള്‍ എന്നിവക്കെതിരെയും ഹോംങ്കോംഗ്, യു എ ഇ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കെതിരെയും യു എസ് പുതിയ ഉപരോധം ഏര്‍പ്പെടുത്തുവെന്ന് ബുധനാഴ്ച വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ടിന് പിറകേ യു എസും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയാണ്.
എന്നാല്‍ ഉപരോധത്തിന് കൃത്യമായ സമയക്രമം പ്രഖ്യാപിച്ചിട്ടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് രാഷ്ട്ര ചര്‍ച്ചയുടെ ഒടുവില്‍ ഇറാനുമായി വന്‍ ശക്തികള്‍ എത്തിച്ചേര്‍ന്ന ആണവ കരാര്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയിരുന്നു. ഈ മുന്നേറ്റമാണ് സാവധാനം പിന്‍മടങ്ങുന്നത്. അതേസമയം, ഉപരോധം ഏര്‍പ്പെടുത്തുന്നത് വൈകിപ്പിക്കാനിടയുണ്ടെന്ന് വാല്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ആണവ ആയുധങ്ങള്‍ വഹിക്കാത്തിടത്തോളം കാലം ഏത് മിസൈല്‍ സാങ്കേതിക വിദ്യയും ആര്‍ജിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരമുള്ള ഉപരോധം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറാന്റെ മിസേല്‍ പരിപാടി യു എസിനും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന നിലപാടിലാണ് വാഷിംഗ്ടണ്‍. ആണവ പരിപാടിയുടെ കാര്യത്തിലാണ് കരാറിലെത്തിയത്. എന്നുവെച്ച് ഇറാന്റെ മറ്റ് യുദ്ധസന്നാഹങ്ങള്‍ക്ക് നേരെ കണ്ണടക്കണമെന്നല്ലെന്ന് ഒബാമ ഭരണകൂടത്തിലെ ഉന്നതര്‍ പറയുന്നു. സ്വയം പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ അവകാശത്തിന്റെ ഭാഗമാണ് മിസൈല്‍ പദ്ധതിയെന്ന് ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഡീന്‍ മുഹമ്മദ് മറാണ്ടി പറഞ്ഞു.
യു എസ് വിമാനവാഹക കപ്പലായ ഹാരി എസ് ട്രൂമാന് സമീപത്ത് വെച്ച് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് റോക്കറ്റ് പരീക്ഷണം നടത്തിയെന്ന അമേരിക്കയുടെ അരോപണത്തെ ഇറാന്‍ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇത് മനഃശാസ്ത്രപരമായ യുദ്ധമുറയുടെ ഭാഗമാണെന്നും ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച റവല്യൂഷനറി ഗാര്‍ഡിന്റെ നാവിക സേന ഏതെങ്കിലും തരത്തിലുള്ള പരിശീലനം ഹോര്‍മുസ് കടലിടുക്കില്‍ നടത്തിയിട്ടില്ലെന്നും റോക്കറ്റ്, മിസൈല്‍ തുടങ്ങിയ ആയുധ പരീക്ഷണവും നടന്നിട്ടില്ലെന്നും റവല്യൂഷനറി ഗാര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഉദ്ദരിച്ച് ഗാര്‍ഡ് വക്താവ് റമസാന്‍ ശരീഫ് വിശദീകരിച്ചു.