ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഉപദേശിക്കാന്‍ സ്മിത്ത്

Posted on: January 2, 2016 5:48 am | Last updated: January 1, 2016 at 11:53 pm

graeme-smith_1aid26b67ce4n1i3cfs2knn2xnന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ദക്ഷിണാഫ്രിക്ക മുന്‍ നായകന്‍ ഗ്രെയിംസ്മിത്തിനെ ബാറ്റിംഗ് ഉപദേശകനായി ചുമതലപ്പെടുത്തി. പരമ്പരയിലുടനീളം സ്മിത്ത് ടീമിനൊപ്പമുണ്ടാകുമെന്ന് ഇ എസ് പി എന്‍ ക്രിക്ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമ സ്ഥാപനവുമായി കരാറുള്ള സ്മിത്ത് ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമുമായി ഔദ്യോഗികമായി കരാറിലെത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരെ ഡര്‍ബനില്‍ 241 റണ്‍സിന്റെ ദയനീയ തോല്‍വിയേറ്റതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ ഉണര്‍ന്നിരിക്കുകയാണ്. ടെസ്റ്റ് റാങ്കിംഗിലെ ഒന്നാംസ്ഥാനം ഏത് നിമിഷവും നഷ്ടപ്പെടുമെന്ന നിലയിലാണ്.
2015 ന്റെ അവസാന ആഴ്ചകളില്‍ ദക്ഷിണാഫ്രിക്കന്‍ ടീം തുടരെ ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെട്ടു. ഇന്ത്യയില്‍ അമ്പേ പരാജയമായിരുന്നു പ്രോട്ടിയാസിന്റെ ബാറ്റിംഗ് ലൈനപ്പ്. ഇന്ത്യന്‍ പിച്ചിനെ പഴിച്ച ദക്ഷിണാഫ്രിക്കക്കാര്‍ ഇപ്പോള്‍ സ്വന്തം മണ്ണിലും സമാനമായ രീതിയില്‍ ബാറ്റിംഗ് പരാജയം ആവര്‍ത്തിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഗ്രെയിം സ്മിത്തിനെ ഉപദേശകനായി കൊണ്ടുവരാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) മുന്‍കൈയ്യെടുത്തത്. ടീമിന്റെ പരിതാപകരമായ പ്രകടനം കണ്ട് വിരമിക്കല്‍ തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് സ്മിത്ത് പറഞ്ഞിരുന്നു. മുപ്പത്തിനാലുകാരന്‍ ഇപ്പോള്‍ ക്രിക്കറ്റ് കമെന്ററിയിലാണ് സജീവം.
ടെസ്റ്റിലെ ഏറ്റവും വിജയകരമായ നായകന്‍ എന്ന വിശേഷണവുമായി 2014 ലാണ് ഗ്രെയിം സ്മിത്ത് വിരമിച്ചത്. ദക്ഷിണാഫ്രിക്കയെ 108 ടെസ്റ്റുകളില്‍ 53 വിജയങ്ങളിലേക്ക് നയിച്ച സ്മിത്ത് 28 മത്സരങ്ങളിലാണ് തോല്‍വിയറിഞ്ഞത്.