Connect with us

Gulf

കസ്റ്റംസ് ഉദ്യോഗസ്ഥന് കൈക്കൂലി; രണ്ടു വിദേശികള്‍ക്കെതിരെ കേസ്

Published

|

Last Updated

ദോഹ: അതിര്‍ത്തില്‍ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിക്കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് വന്‍ തുക കൈക്കൂലി വാഗ്ദാനം ചെയ്ത കസ്റ്റംസ് ഏജന്റുമാരായ വിദേശികള്‍ക്കെതിരെ കേസ്. ഈജിപ്ഷ്യന്‍ സ്വേദേശിയായ കസ്റ്റംസ് ഏജന്റും അദ്ദേഹത്തിന്റെ മാനേജരായ ഇന്ത്യക്കാരനുമാണ് കേസിലെ പ്രതികള്‍. കേസില്‍ കോടതി ഇന്നലെ വാദം കേട്ടു.
അബു സമാറ ബോര്‍ഡറില്‍ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കാര്‍ഗോ കടത്തി വിടുന്നതിന് 20,000 റിയാലാണ് പ്രതികള്‍ വാഗ്ദാനം ചെയ്തതെന്ന് അല്‍ റായ പത്രം റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റംസ് തീരുവയായി അടക്കേണ്ടത് ഇതിനേക്കാള്‍ ഉയര്‍ന്ന സംഖ്യയായിരുന്നു. എന്നാല്‍ കൈക്കൂലി വാഗ്ദാനം കേട്ടയുടന്‍ ഉദ്യോഗസ്ഥന്‍ തന്റെ മേലുദ്യോഗസ്ഥന് റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. ഇവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വലയില്‍ കുടുക്കുക ലക്ഷ്യം വെച്ച് കൈക്കൂലി വാഗ്ദാനം സ്വീകരിക്കാന്‍ തയാറായി. വിവരം പ്രതികളെ അറിയിക്കുകയും ചെയ്തു.
പറഞ്ഞ പ്രകാരം കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ് കൈക്കൂലിയുടെ ആദ്യതുകയായ 8,000 റിയാലുമായി പ്രദേശത്തെ കഫേയിലെത്തി. പോലീസ് നിരീക്ഷണത്തിലായിരുന്നു കൂടിക്കാഴ്ചയും പണം കൈമാറലും. പണം കൈമാറിയ ഉടന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് പ്രതികളെ കയ്യോടെ പിടികൂടി. കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ രാജ്യത്തേക്ക് ചരക്കു കടത്താന്‍ ശ്രമിച്ച മറ്റു രണ്ടു കാര്‍ഗോ കമ്പനികള്‍ക്കെതിരായ കേസും കോടതിയുടെ പരഗണനക്കു വന്നിട്ടുണ്ട്.

Latest