Connect with us

Gulf

ശൈഖ് ഹമദിന്റെ ആരോഗ്യത്തിനായി ജനതയുടെ പ്രാര്‍ഥനയും ആശംസകളും

Published

|

Last Updated

ദേശീയ ദിന പരേഡ് വീക്ഷിക്കുന്ന
പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി

ദോഹ: കാലില്‍ എല്ലിന് പരുക്കേറ്റ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ ആരോഗ്യ സുഖത്തിനും ആയുസ്സിനും പ്രാര്‍ഥിച്ചും ആശംസിച്ചും ഖത്വര്‍ ജനതയും ഖത്വറിന്റെ സൗഹൃദരാജ്യങ്ങളും. കഴിഞ്ഞ ദിവസമാണ് അടിയന്തര ശസ്ത്രക്രിയക്കായി പിതൃ അമീറിനെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കൊണ്ടു പോയത്. മൊറോക്കോയിലെ റിസോര്‍ട്ടില്‍ അവധിക്കാലം ചെലവിടാനെത്തിയതിനിടെയാണ് 63കാരനായ പിതൃ അമീറിന് പരുക്കേറ്റത്. ശനിയാഴ്ചയാണ് പിതാവ് അമീറിന് പരിക്കേറ്റതെന്നും ഉടനെ അടിയന്തര ചികിത്സക്കായി സൂറിച്ചിലേക്ക് കൊണ്ടുപോയതായും ഖത്വര്‍ കമ്യൂണിക്കേഷന്‍സ് ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ശസ്ത്ര ക്രിയയെ തുടര്‍ന്ന് പിതൃ അമീര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇപ്പോള്‍ ഫിസിയോ തെറാപ്പി ചികിത്സയാണ് നടക്കുന്നതെന്നും പ്രസ്താവന പറയുന്നു.
പിതൃ അമറീനെ ചികിത്സക്കായി കൊണ്ടുപോയതായി സോഷ്യല്‍മീഡീയകളില്‍ വാര്‍ത്തകള്‍ വന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുമായി പ്രാര്‍ഥനകളും ആശംസകളുമായി കമന്‍ഡുകളും പോസ്റ്റുകും വ്യാപകമായി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് നന്ദി പ്രകടിപ്പിച്ച് മകന്‍ ശൈഖ് ജുആന്‍ ബിന്‍ ഹമദ് ട്വിറ്ററില്‍ സന്ദേശം നല്‍കി. ശസ്ത്രക്രിയ്ക്ക് ശേഷം പിതാവ് അമീറിന്റെ സ്ഥിതി മെച്ചപ്പെട്ടതായി ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. പിതിവിനൊപ്പം ആശുപത്രിയില്‍ ഇരിക്കുന്ന ചിത്രം സഹിതമായിരുന്നു ജുആന്റെ ട്വീറ്റ്.
അതിനിടെ ഖത്വര്‍ അമീരി വിമാന വ്യൂഹത്തില്‍പ്പെട്ട ഏതാനും വിമാനങ്ങള്‍ ഡിസംബര്‍ 26ന് അര്‍ധരാത്രിയോടെ സൂറിച്ചിലെ ക്ലോട്ടന്‍ വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി ലാന്‍ഡ് ചെയ്തതായി വിമാനത്താവള അധികൃതരെയും സ്വിസ് വിദേശകാര്യ മന്ത്രാലയ വക്താവിനെയും ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ടു ചെയ്തു.
പിതൃ അമീര്‍ ചികിത്സയിലായ വാര്‍ത്തയെത്തുടര്‍ന്ന് അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സുഖാന്വേഷണങ്ങളും ആശംസകളുമായി സന്ദേശങ്ങളയച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജബര്‍ അല്‍സബാഹും കിരീടാവകാശിയും പ്രധാനമന്ത്രിയും പിന്തുണ അറിയിച്ച് കൊണ്ട് സന്ദേശമയച്ചതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ അമീറിനെ ടെലഫോണില്‍ ബന്ധപ്പെട്ടതായി കഴിഞ്ഞ ദിവസം ക്യു എന്‍ എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest