Connect with us

Gulf

പുതുവത്സരം; എമിറേറ്റുകളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍

Published

|

Last Updated

ദുബൈ: ദുബൈയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കിടയറ്റ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന അറിയിച്ചു. ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ്, ജുമൈറ ബീച്ച് റെസിഡന്റ്‌സി എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തിപ്പെടുത്തുന്നത്. ഇവിടെ ഗതാഗത ക്രമീകരണവും ഉണ്ടാകും. കരിമരുന്ന് പ്രയോഗം കാണാന്‍ ആയിരങ്ങള്‍ എത്തുമെന്നുള്ളത് കൊണ്ടാണിത്. ബുര്‍ജ് ഖലീഫ, ഫിനാന്‍ഷ്യല്‍ സെ ന്റര്‍, ബിസിനസ് ബേ മെട്രോ സ്റ്റേഷനുകളില്‍ ബാച്ച്‌ലര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും വെവ്വേറെ പാതകളായിരിക്കും. ദുബൈ മാളിലേക്ക് എത്തുന്ന ആളുകളുടെ തിരക്ക് കണക്കിലെടുത്താണിത്. ദുബൈമാളിലെ റസ്റ്റോറന്റുകളില്‍ ബുക്ക് ചെയ്തവര്‍ പാസ് കയ്യില്‍ കരുതണം.
രാത്രി 12 ഓടെയാണ് ബുര്‍ജ് ഖലീഫയില്‍ കരിമരുന്ന് പ്രയോഗം തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും ഫയര്‍ ടെക്‌നിക്കുമാണ് ഇവിടെ ഉണ്ടാകുക. 24 മിനുട്ട് നീണ്ടുനില്‍ക്കും. ദുബൈ മാളിലേക്കും ബുര്‍ജ് ഖലീഫയിലേക്കുമുള്ള റോഡ് അടച്ചിടും. മുറൂജ് റൊട്ടാന ഭാഗത്ത് നിന്ന് ബുര്‍ജ് ഖലീഫയിലേക്കുള്ള പാത ഡിസംബര്‍ 31ന് വൈകീട്ട് ആറിന് അടച്ചിടും. അല്‍ സആദ റോഡില്‍ നിന്ന് എമിറേറ്റ്‌സ് ടവേഴ്‌സ് ഭാഗത്തേക്കുള്ള സഅബീല്‍ ഇന്റര്‍സെക്ഷന്‍ രാത്രി എട്ടോടുകൂടി അടച്ചിടും. അല്‍ സായല്‍ സ്ട്രീറ്റില്‍ വൈകീട്ട് നാല് മണിക്ക് തന്നെ നിയന്ത്രണമുണ്ടാകും.
പുതുവത്സരം ആഘോഷഷിക്കാന്‍ അബുദാബിയിലും വന്‍ഒരുക്കം. വത്ബയില്‍ രാത്രി വൈകിയും ആഘോഷ പരിപാടികളുണ്ടാകും. ശൈഖ് സായിദ് ഹെറിറ്റേജ് ആഘോഷ നഗരിയില്‍ കരിമരുന്ന് പ്രയോഗവും പ്രത്യേക സംഗീതനിശകളും നടക്കും. സഅദിയാത്, ലിവ, എമിറേറ്റ്‌സ് പാലസ്, അബുദാബി തിയേറ്റര്‍ തുടങ്ങി നിരവധി വേദികളില്‍ നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറും. ലോകപ്രശസ്ത സംഗീത സംഘങ്ങള്‍ പരിപാടികള്‍ അവതരിപ്പിക്കും. ഫെറാരി വേള്‍ഡില്‍ വിന്റര്‍ ഫെസ്റ്റ് എന്നപേരില്‍ പ്രത്യക ആഘോഷങ്ങള്‍ നടക്കും. ജനവരി ഒമ്പതുവരെ തുടരുന്ന ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായുള്ള നൃത്ത സംഗീത പരിപാടികളും ഐസ്വേള്‍ഡ് കളികളുമാണ് ഒരുക്കിയിരിക്കുന്നത്. കുടുംബവുമായി ആസ്വദിക്കാന്‍ കഴിയുന്ന പലതരം പരിപാടികള്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്കില്‍ നടക്കും. അല്‍ മരിയ ദ്വീപില്‍ കരിമരുന്ന് പ്രകടനം അരങ്ങേറും.
അബുദാബി ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ആരോഗ്യരക്ഷാ പരിപാടികളാണ് പുതുവത്സര സമ്മാനമായി ഒരുക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ആഘോഷങ്ങളാണ് കുട്ടികള്‍ക്കായി യാസ് മാളില്‍ സംഘടിപ്പിക്കുന്നത്. ഇത് ജനവരി ഒമ്പതുവരെ നീണ്ടുനില്‍ക്കും.
അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി പുതുവത്സര സ്‌പെഷല്‍ ഓട്ടമത്സരങ്ങള്‍ സംഘടിപ്പിക്കും. സ്പാനിഷ് സംഘം അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് എമിറേറ്റ്‌സ് പാലസിലെ സവിശേഷത. ഇവക്കുപുറമേ അബുദാബി കോര്‍ണിഷില്‍ ചെറുതും വലുതുമായ പലതരം ആഘോഷങ്ങളും നടക്കുന്നുണ്ട്. ഡിസംബര്‍ 31ന് രാത്രി പുതിയ വര്‍ഷത്തിന്റെ വരവറിയിച്ച് വര്‍ണാഭമായ കരിമരുന്ന് പ്രയോഗവും നടക്കും.

Latest