ഈ വര്‍ഷം 110 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവഹാനി: ആര്‍ എസ് എഫ്‌

Posted on: December 30, 2015 5:27 am | Last updated: December 30, 2015 at 12:28 am

journalistപാരീസ്: ഈ വര്‍ഷം ഇതുവരെ ലോകത്താകമാനം 110 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ്( ആര്‍ എസ് എഫ്) പറഞ്ഞു. സമാധാനം നിലനില്‍ക്കുന്ന രാജ്യങ്ങളെന്ന് കരുതുന്നയിടങ്ങളില്‍ പോലും ഇതിലധികം പേര്‍ ഭീഷണി നേരിടുകയാണെന്നും ആര്‍ എസ് എഫ് മുന്നറിയിപ്പ് നല്‍കി. 2015ല്‍ ജോലിക്കിടെയാണ് 67 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. 43 പേര്‍ കൊല്ലപ്പെട്ട സാഹചര്യം വ്യക്തമല്ലെന്ന് ആര്‍ എസ് എഫിന്റെ വാര്‍ഷിക റിപ്പോട്ടിലുണ്ട്. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ മാധ്യമപ്രവര്‍ത്തനം ജോലിയായി സ്വീകരിക്കാത്ത സിറ്റിസണ്‍ ജേണലിസ്റ്റുകളാണ്. ഏഴ് മറ്റ് മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഗൂഢാലോചനയും അക്രമവും നടക്കുകയാണെന്നും ഇവരെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആര്‍ എസ് എഫ് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. ഇസില്‍ പോലുള്ള രാജ്യമില്ലാത്ത സംഘടനകള്‍ മാധ്യമപ്രവര്‍ത്തകരോട് കാണിക്കുന്ന അതിക്രമങ്ങളും റിപ്പോര്‍ട്ടില്‍ പരാമാര്‍ശിക്കുന്നുണ്ട്. 2014 ല്‍ കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ട് ഭാഗം മാധ്യമപ്രവര്‍ത്തകരും യുദ്ധ മേഖലയില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതിന് വിരുദ്ധമായി മൂന്നില്‍ രണ്ട് ഭാഗം പേരും സമാധാനം നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന രാജ്യങ്ങളില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രശ്‌നം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷക്കായി ഐക്യരാഷ്ട്ര സഭാ സെക്രട്ടി ജനറലിന്റെ പ്രത്യേക പ്രതിനിധിയെ താമസംകൂടാതെ നിയമിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.