സി പി എം- കോണ്‍ഗ്രസ് സഖ്യം രൂപപ്പെടണം

Posted on: December 30, 2015 6:00 am | Last updated: December 29, 2015 at 11:49 pm

സി പി എമ്മിന്റെ കോണ്‍ഗ്രസ് വിരോധത്തില്‍ വന്ന കാതലായ മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്നു കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനം. കേരളത്തില്‍ നിന്നുള്ളവരൊഴിച്ചു പരിപാടിയില്‍ പ്രസംഗിച്ച നേതാക്കളെല്ലാം കോണ്‍ഗ്രസിനെ ഒഴിവാക്കി ബി ജെ പിയെയും മമതാ കോണ്‍ഗ്രസിനെയുമാണ് കടന്നാക്രമിച്ചതെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, വര്‍ഗീയ ഫാസിസത്തെ ചെറുക്കാനും പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിനും കോണ്‍ഗ്രസുമായി സഖ്യം അനിവാര്യമാണെന്ന് പല നേതാക്കളും തുറന്നുപറയുകയുണ്ടായി. ബംഗാളില്‍ തനിച്ചു മത്സരിക്കാനുള്ള ശേഷി പാര്‍ട്ടിക്കില്ലെന്നും അങ്ങനെ മത്സരിച്ചാല്‍ ചിലപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തന്നെ തള്ളപ്പെട്ടേക്കാമെന്നും പാര്‍ട്ടിയുടെ മുന്‍ നേതാവ് സോമനാഥ് ചാറ്റര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. സീതാറാം യെച്ചൂരി ഇതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ മുന്നോടിയാെണന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലിയിരുത്തുകയും ചെയ്യുന്നു.
മുതലാളിത്ത വ്യവസ്ഥിതിയോടും അതിന്റെ ഭാഗമായ സ്വകാര്യ മൂലധന നിക്ഷേപം, ആഗോളവത്കരണ ഉദാരണവത്കരണ നയങ്ങള്‍ തുടങ്ങി സാമ്പത്തിക പരിഷ്‌കരണ ആശയങ്ങളോടുമുള്ള വിയോജിപ്പാണ് സി പി എം, കോണ്‍ഗ്രസ് വിരുദ്ധ സമീപനം സ്വീകരിക്കാന്‍ കാരണം. ജന്മികള്‍ക്കും ബൂര്‍ഷ്വാസികള്‍ക്കും പെറ്റി ബൂര്‍ഷ്വാസികള്‍ക്കും എതിരായി രൂപംകൊണ്ട പ്രസ്ഥാനമെന്ന നിലയില്‍ ഈ എതിര്‍പ്പ് സ്വാഭാവികമാണ്. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളൊന്നാകെ ഈ നയങ്ങളില്‍ നിന്ന് പാടേ വ്യതിചലിക്കുകയും മുതലാളിത്ത സിദ്ധാന്തങ്ങളെ ഒന്നൊന്നായി അംഗീകരിക്കാന്‍ തയ്യാറാകുകയും ചെയ്തു. കാറല്‍ മാര്‍ക്‌സും ഏംഗല്‍സും ലെനിനും വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം ഇന്ന് ലോകത്തെവിടെയും മരുന്നിന് മേമ്പൊടി ചേര്‍ക്കാന്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇന്ത്യന്‍ കമ്യൂണിസത്തിലും സംഭവിച്ചു മാറ്റങ്ങള്‍. ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണത്തില്‍ പശ്ചിമ ബംഗാളിലേക്ക് സ്വകാര്യ മൂലധനനിക്ഷേപകര്‍ക്കായി കവാടം മലര്‍ക്കെ തുറന്നിട്ടിരുന്നു. സ്വകാര്യ മൂലധന നിക്ഷേപത്തിലും സ്വാശ്രയ കോളജ് പോലുള്ള കാര്യങ്ങളിലും കേരളത്തിലെ ഇടത് സര്‍ക്കാറും മാറ്റങ്ങള്‍ക്ക് സന്നദ്ധമായി. യു പി എ സര്‍ക്കാറിന് പിന്തുണ നല്‍കി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരിക്കാന്‍ സഹായിക്കുകയുമുണ്ടായി സി പി എം. മാത്രമല്ല, ആണവ കരാറിന്റെ കാര്യത്തില്‍ വിയോജിച്ച് ഈ പിന്തുണ പിന്‍വലിച്ചതില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ പിന്നീട് ഖേദം പ്രകടിപ്പിച്ചതുമാണ്.
സി പി എമ്മിന്റെ അടിത്തറ പഴയത് പോലെ ഭദ്രമല്ലെന്ന കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. രാജ്യത്ത് ഇടതുപക്ഷത്തിന് വിശിഷ്യാ സി പി എമ്മിന് മികച്ച ഒരു ഭൂതകാലമുണ്ടായിരുന്നു. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പ്രധാന പ്രതിപക്ഷമായും ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്ന പിന്‍ബലമായും ജനവിരുദ്ധ നയങ്ങളെ തിരുത്തുന്ന ശക്തിയായും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അന്ന് കരുത്ത് തെളിയിക്കുയുണ്ടായി. പശ്ചിമബംഗാളിലും ത്രിപുരയിലും പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്ന് അപ്രതിരോധ്യമെന്ന ധാരണപോലും സൃഷ്ടിച്ചു. 1990കളില്‍ സോവിയറ്റ് യൂനിയന്‍ കഥാവശേഷമാകുകയും ആഗോള കമ്യൂണിസം ശിഥിലമാകുകയും ചെയ്തപ്പോഴും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിടിച്ചുനിന്നിരുന്നു. രാജ്യത്ത് സാമ്രാജ്യത്വവും ഫാസിസവും പിടിമുറുക്കിയപ്പോള്‍ സാമ്രാജ്യത്വവിരുദ്ധ, മതനിരപേക്ഷ സമീപനം സ്വീകരിച്ചതും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രതീക്ഷാകേന്ദ്രമായതും ഇടതുപക്ഷമായിരുന്നു. ഇതൊക്കെ പക്ഷേ, ഭൂതകാല സ്മരണകളായി മാറി. കോണ്‍ഗ്രസിനെ പോലെ സി പി എമ്മിന്റെയും വളര്‍ച്ച മുരടിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന് അയിത്തം കല്‍പിക്കുന്നതില്‍ സാംഗത്യമില്ലെന്ന് മാത്രമല്ല അത് ബുദ്ധി പൂര്‍വകവുമല്ല. കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ വേറിട്ടു നിന്നതിന്റെ തിക്ത ഫലം ബീഹാറില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭവിക്കുകയും ചെയ്തു.
രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വഫാസിസമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അത് ഫണമുയര്‍ത്തി ആടുകയാണ്. അസഹിഷ്ണുതയുടെ ആക്രോശങ്ങളാണ് ഉത്തരവാദപ്പെട്ട ഭരണാധികാരികളില്‍ നിന്നു പോലും ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഈ അവസ്ഥയില്‍ കമ്യൂണിസത്തിന്റെ കാലാഹരണപ്പെട്ട ആശയങ്ങള്‍ അയവിറക്കി, കോണ്‍ഗ്രസിതര ബി ജെ പി യിതര മുന്നണിയെന്ന മുദ്രാവാക്യത്തില്‍ തന്നെ കടിച്ചുതൂങ്ങി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചു വര്‍ഗീയ ഫാസിസത്തിന് പരോക്ഷമായി ശക്തി പകരുന്ന നിലപാടുകളാണ് ഇനിയും തുടരുന്നതെങ്കില്‍ പാര്‍ട്ടിയുടെ നില കൂടുതല്‍ പരിതാപകരമാകുമെന്ന തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിനുണ്ടാകണം. മാത്രമല്ല, കോണ്‍ഗ്രസുമായി സഹകരണത്തിന് പാര്‍ട്ടി സന്നദ്ധമാകുകയാണെങ്കില്‍ അത് പശ്ചിമ ബംഗാളില്‍ മാത്രം ഒതുങ്ങുന്ന ഒരു നയമായി ചുരുങ്ങുകയും അരുത്. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസും ഇടതുപക്ഷവും മറ്റു മതേതര കക്ഷികളും ചേര്‍ന്നുള്ള ഒരു വിശാല മുന്നണി രൂപപ്പെടേണ്ടതുണ്ട്. മതേതര ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പിന് അതനിവാര്യമാണ്.