കുപ്പിവെള്ള വിപണി പിടിച്ചെടുക്കാന്‍ ജലവകുപ്പ്; കോഴിക്കോട്ടും ഇനി ‘ഹില്ലി അക്വ’ ഉത്പാദനം

Posted on: December 30, 2015 4:32 am | Last updated: December 30, 2015 at 11:05 am

newbottle-1കണ്ണൂര്‍:പൊതുമേഖലയിലെ സംസ്ഥാനത്തെ ആദ്യ കുപ്പിവെള്ളം ‘ഹില്ലി അക്വ’ പൂര്‍ണതോതില്‍ വിപണിയിലേക്കിറക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം മുതല്‍ കോഴിക്കോട്ടു നിന്നും കുപ്പിവെള്ളം ഉത്പാദനം തുടങ്ങും. കഴിഞ്ഞ സെപ്തംബറില്‍ തൊടുപുഴ മലങ്കരയിലെ പ്ലാന്റില്‍ നിന്നും പുറത്തിറക്കിയ ഹില്ലി അക്വയുടെ വിപണനം കാര്യക്ഷമമാകാത്തതിനെത്തുടര്‍ന്നാണ് മലബാര്‍ മേഖലയില്‍ നിന്നു കൂടി കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കാനുള്ള നടപടികള്‍ക്ക് ജലവിഭവ വകുപ്പിനു കീഴിലെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കിഡ്‌കോ) തുടക്കമിടുന്നത്.തുടക്കത്തില്‍ ഒരു ദിവസം ചുരുങ്ങിയത്് 72000 കുപ്പിവെള്ളമെങ്കിലും വില്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതിന്റെ പകുതി മാത്രമേ മാസങ്ങളായിട്ടും വിറ്റഴിക്കാന്‍ കഴിഞ്ഞുള്ളൂവെന്നതിനാലാണ് കൂടുതല്‍ ഉത്പാദിപ്പിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപണനം വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങുന്നത്. സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളത്തേക്കാള്‍ 5 രൂപ വിലക്കുറവില്‍ ഏറെ ഗുണമേന്മയുള്ള സംസ്ഥാന സര്‍ക്കാറിന്റെ ബ്രാന്‍ഡഡ് കുപ്പിവെള്ളം വിപണിയിലെത്തിയിട്ടും കൂടുതല്‍ പ്രചാരം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
കമ്മീഷന്‍ കുറവായതിനാല്‍ വ്യാപാരികളില്‍ പലരും കുപ്പിവെള്ളത്തെ കൈയൊഴിയുന്നുണ്ടെന്നും ഇത് വിതരണത്തിലെ അശാസ്ത്രീയത കൊണ്ടാണെന്നുമുള്ള ആരോപണവും തുടക്കത്തിലേ ഉയര്‍ന്നിരുന്നു. ചെറുകിട കച്ചവട കേന്ദ്രങ്ങളൊഴികെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നും കാര്യമായി ഹില്ലി അക്വ എത്തിയില്ല. കണ്ണൂര്‍, കോഴിക്കോട്,തുടങ്ങിയ വടക്കന്‍ ജില്ലകളിലും കുപ്പിവെള്ളത്തിന്റെ വിപണനം തീര്‍ത്തുമില്ലാതായിരുന്നു. കമ്മീഷനിലെ കുറവാണ് കുപ്പിവെള്ള വിതരണം കുറയാനുള്ള മറ്റൊരു കാരണമായി പറയുന്നത്. സ്വകാര്യ കമ്പനികളുടെ ഒരു കുപ്പിവെള്ളം വിറ്റാല്‍ പത്ത് രൂപയോളം ലാഭം കിട്ടുന്നിടത്ത് ഹില്ലി അക്വയിലൂടെ കിട്ടുന്നത് വെറും അഞ്ച് രൂപ മാത്രമാണ്. ഓരോ ജില്ലയിലും ഒരു വിതരണക്കാരനെ മാത്രം നിശ്ചയിച്ചതാണ് ഇതിന് കാരണമാകുന്നതെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ വക കുടിവെള്ളം വിപണിയിലിറങ്ങിയതോടെ തന്നെ സ്വകാര്യ കമ്പനികള്‍ കൂടുതല്‍ ഓഫറുകളുമായി കച്ചവടക്കാരെ സമീപിച്ചു തുടങ്ങിയിരുന്നു. കുടിവെള്ള വില്‍പ്പനയില്‍ നല്ല കമ്മീഷന്‍ ലഭിക്കുമെന്നതിനാല്‍ കച്ചവടക്കാരില്‍ മിക്കവരും സ്വകാര്യ കമ്പനിക്കാരുടെ വലയില്‍ വീഴുകയും ചെയ്തു.
ലിറ്ററിന് പതിനഞ്ചു രൂപക്ക് വിപണിയിലെത്തിയ ഹില്ലി അക്വ, ഇരുപത് രൂപക്ക് വെള്ളം വില്‍ക്കുന്ന കുത്തക കമ്പനികള്‍ക്ക് കനത്ത പ്രഹരമാണ് സൃഷ്ടിക്കുകയെന്നതിനാല്‍ വലിയ വിപണന സാധ്യതയാണിതിനുള്ളതെന്ന് ഇപ്പോള്‍ അധികൃതര്‍ കണക്കു കൂട്ടുന്നുണ്ട്.അത്യാധുനിക നിലവാരമുള്ള പ്ലാന്റില്‍നിന്ന് സാന്‍ഡ് ഫില്‍ട്രേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ്, ഓസോണൈസേഷന്‍ തുടങ്ങി വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ കരസ്പര്‍ശമേല്‍ക്കാതെയാണ് ഹില്ലി അക്വ വിപണിയിലെത്തുന്നത്. അതു കൊണ്ട് തന്നെ ഏറ്റവും ശുദ്ധമായ ജലമായിരിക്കും ജനങ്ങള്‍ക്ക് ലഭിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ മലബാറിലെ വിപണി കൂടി കണക്കിലെടുത്താണ് കുറ്റിയാടി പദ്ധതി പ്രദേശത്തു നിന്ന്് വെള്ളം ശേഖരിച്ച് കുപ്പിവെള്ളമായി വില്‍ക്കാനുള്ള നടപടികള്‍ തുടങ്ങുക. 9.86 കോടി രൂപ ചെലവഴിച്ചാണ് ഇടുക്കിയില്‍ കുപ്പിവെള്ള യൂനിറ്റ് സ്ഥാപിച്ചിട്ടുള്ളത്. കോഴിക്കോട്ടും എല്ലാ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് പ്ലാന്റ് സ്ഥാപിക്കുകയെന്ന് കിഡ്‌കോ അധികൃതര്‍ പറഞ്ഞു.
മണിക്കൂറില്‍ 7,200 ലിറ്റര്‍ വെള്ളം കുപ്പികളില്‍ നിറക്കാനുള്ള സംവിധാനം ഹില്ലി അക്വയുടെ ഇടുക്കി പ്ലാന്റിലുണ്ട്. കോഴിക്കോട്ട് മണിക്കൂറില്‍ 7000 ലിറ്റര്‍ കുപ്പിവെള്ളം നിര്‍മ്മിക്കാനുള്ള സംവിധാനമാണുണ്ടാകുക. കുപ്പിവെള്ളത്തിന് വിപണിയില്‍ ആവശ്യക്കാരേറി വരുന്നതിനാല്‍ ഇക്കുറി കുപ്പിവെള്ള വിപണി കയ്യടക്കാനുള്ള ശ്രമത്തിനു തന്നെയാണ് ജലവിഭവവകുപ്പ് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ തോറും ഹില്ലി അക്വ കിയോസ്‌കുകള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ പരിപാടികളിലും മറ്റും ഹില്ലി അക്വ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കമിടുന്നുണ്ട്.
20 കോടി രൂപയുടെ പ്രതിമാസ വരുമാനമാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്തെ കുപ്പിവെള്ള വിപണിയില്‍ ഇപ്പോള്‍ സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളം മാത്രമാണുള്ളത്. 15 മുതല്‍ 25 രൂപ വരെയാണ് ഇവര്‍ കുപ്പിവെള്ളത്തിന് ഈടാക്കുന്നത്. വിലക്കുറവും ഗുണമേന്മയും സര്‍ക്കാര്‍ സംവിധാനത്തിലുടെ കൂടുതല്‍ പ്രദേശങ്ങളിലെത്തുമ്പോള്‍ ‘ഹില്ലി അക്വാ’ വിജയകരമാകുമെന്നാണ് പ്രതീക്ഷ.
ചില ബ്രാന്‍ഡ് കുപ്പിവെള്ളങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും 36 ഇരട്ടി രാസവസ്തുക്കളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരുന്നത്. ഓര്‍ഗാനോ ക്‌ളോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ്, വിഭാഗത്തില്‍പ്പെട്ട അമ്പതിലധികം മാരക കീടനാശിനികള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഇന്‍ഡേല്‍, ഡിഡിറ്റി, മലാത്തിയോണ്‍, ക്‌ളോര്‍പിറിഫോസ് തുടങ്ങിയവ കരള്‍, വൃക്ക, പ്രതിരോധ വ്യവസ്ഥ, നാഡീവ്യവസ്ഥ തുടങ്ങിയവയുടെ തകരാറുകള്‍ക്കും കാന്‍സര്‍, ജനിതകവൈകല്യം തുടങ്ങിയവക്കും കാരണമാവുമെന്ന് കെ ഐ ഐ സി അധികൃതര്‍ പറയുന്നു.
വന്‍ ലാഭം പ്രതീക്ഷിച്ച് കൂണു കണക്കിന് മുളച്ചു പൊന്തുന്ന കുപ്പിവെള്ള യൂനിറ്റുകളെ നിയന്ത്രിക്കുന്നതിന്റെ കൂടി ഭാഗമാണ് കുപ്പിവെള്ള കുത്തക പിടിച്ചടക്കാന്‍ എല്ലാ സാധ്യതകളുമുപയോഗിച്ചുള്ള സര്‍ക്കാര്‍ നീക്കം.