70 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങളുമായി ദുബൈ ഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പ്‌

Posted on: December 29, 2015 11:00 pm | Last updated: December 30, 2015 at 12:04 am
ഡി എഫ് ആര്‍ ഇ സി ഇ ഒ, എച്ച് ഇ ലൈല മുഹമ്മദ് സുഹൈലും ദുബൈ ഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പ് (ഡി ജി ജെ ജി) ചെയര്‍മാന്‍ തൗഹീദ് അബ്ദുള്ളയും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍
ഡി എഫ് ആര്‍ ഇ സി ഇ ഒ, എച്ച് ഇ ലൈല മുഹമ്മദ് സുഹൈലും ദുബൈ ഗോള്‍ഡ് ആന്റ്
ജുവലറി ഗ്രൂപ്പ് (ഡി ജി ജെ ജി) ചെയര്‍മാന്‍ തൗഹീദ് അബ്ദുള്ളയും ദുബൈയില്‍
വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍

ദുബൈ: 2016 ജനുവരി ഒന്ന് മുതല്‍ ഫിബ്രുവരി ഒന്ന് വരെ നടക്കുന്ന ദുബൈ ഷോപ്പിംഗ്‌ഫെസ്റ്റിവലില്‍ ’32 ദിവസങ്ങളില്‍ 100 വിജയികള്‍’ എന്ന പേരില്‍ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലും ദുബൈ ഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പും (ഡി ജി ജെ ജി) ചേര്‍ന്ന് നറുക്കെടുപ്പുകള്‍ നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
യു എ ഇയില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും 56 കിലോ സ്വര്‍ണംവരെസ്വന്തമാക്കാനവസരം നല്‍കുന്ന നറുക്കെടുപ്പുകളാണിത്. വാര്‍ത്താസമ്മേളനത്തില്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍കറ്റിംഗ് (ഡി ടി സി എം) ന്റെ ഏജന്‍സിയായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി എഫ് ആര്‍ ഇ) സി ഇ ഒ, എച്ച് ഇ ലൈല മുഹമ്മദ് സുഹൈല്‍, ദുബൈഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പ് (ഡി ജി ജെ ജി) ചെയര്‍മാന്‍ തൗഹീദ് അബ്ദുള്ള, ജനറല്‍ മാനേജര്‍ ടോമിജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
എല്ലാദിവസവും രാത്രി ഒമ്പത് മണിക്കാണ് നറുക്കെടുപ്പ്. ഇതാദ്യമായി മൂന്ന് ഉപഭോക്താക്കള്‍ക്ക്‌വീതം സമ്മാനം ലഭിക്കും. ഒന്നാം സമ്മാന വിജയിക്ക് ഒരു കിലോ സ്വര്‍ണവും രണ്ടാം സ്ഥാനക്കാരന് അര കിലോ സ്വര്‍ണവും മൂന്നാമന് കാല്‍കിലോ സ്വര്‍ണവും സ്വന്തമാക്കാം. 32 ദിവസത്തെ ഫെസ്റ്റിവലില്‍ ആകെ 100 പേര്‍ക്ക് 70 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ദൈനംദിന നറുക്കെടുപ്പില്‍ പങ്കെടുക്കാനായി 500 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് ഒരു കൂപ്പണും 500 ദിര്‍ഹത്തിന്റെ വജ്ര, മുത്ത് ആഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് രണ്ട് കൂപ്പണും ലഭിക്കും. നറുക്കെപ്പെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാ ജ്വല്ലറികളിലും കൂപ്പണുകള്‍ ലഭ്യമാവും.
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലും ലോകത്തിലെതന്നെ മികച്ച ഷോപ്പിംഗ് ഫെസ്റ്റിവലായി അതിനെ മാറ്റുന്നതിലും ഓരോ വര്‍ഷവും അതീവ ആകര്‍ഷകങ്ങളായ പ്രമോഷനുകളുമായി മുന്നോട്ടുവരുന്നതില്‍ ദുബൈ ഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പ് കാണിക്കുന്ന താല്‍പര്യത്തെ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി എഫ് ആര്‍ ഇ) സി ഇ ഒ, എച്ച് ഇ ലൈല മുഹമ്മദ് പ്രശംസിച്ചു.
‘ഫെസ്റ്റിവല്‍ ആരംഭിച്ച വര്‍ഷം മുതലിങ്ങോട്ട് ഗ്രൂപ്പും ഫെസ്റ്റിവല്‍ നടത്തിപ്പ് കമ്മറ്റിയുമായുള്ള ബന്ധം വളരുകയാണെന്ന് തൗഹീദ് അബ്ദുല്ല പറഞ്ഞു. 2016ലെത്തുമ്പോള്‍ ഈ ബന്ധം രണ്ടുദശകങ്ങള്‍ പിന്നിടുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഫെസ്റ്റിവലിനെ സഹായിച്ചതുപോലെ ഈ വര്‍ഷവും ഉപഭോക്താക്കളുടെ ഷോപ്പിംഗ് മൂല്യം വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ഒപ്പമുണ്ട്. എല്ലാ ഫെസ്റ്റിവല്‍ സീസണിലും ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രമായി ദുബൈ നഗരത്തെ മാറ്റുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്.
ഞങ്ങളുടെ ഉദ്യമങ്ങളെ വിജയമാക്കിത്തീര്‍ക്കുവാന്‍ സഹായിച്ചതിന് എല്ലാ സര്‍ക്കാര്‍ അതോറിറ്റികളോടും നന്ദിയുള്ളവരാണ്. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 843 കിലോ സ്വര്‍ണം സമ്മാനമായി നല്‍കാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ട്. പുതുമയുള്ള ഫെസ്റ്റിവല്‍ പ്രമോഷനുകള്‍ ഒരുക്കുന്നതില്‍ ഗ്രൂപ്പ് എപ്പോഴും ശ്രദ്ധവെക്കുന്നു. ഈ ഫെസ്റ്റിവലിലും ഉപഭോക്താക്കള്‍ ഓഫറുകള്‍ സ്വന്തമാക്കാന്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.