അമിത വില; സീലൈനില്‍ 56 വില്‍പ്പനശാലകള്‍ക്ക് മുന്നറിയിപ്പ്‌

Posted on: December 29, 2015 7:30 pm | Last updated: December 30, 2015 at 9:09 pm
സീലൈനിലെ തടി വില്‍പ്പന ഷോപ്പില്‍ പരിശോധന നടത്തുന്ന വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍
സീലൈനിലെ തടി വില്‍പ്പന ഷോപ്പില്‍ പരിശോധന നടത്തുന്ന വാണിജ്യ മന്ത്രാലയത്തിലെ
ഉദ്യോഗസ്ഥന്‍

ദോഹ: ശൈത്യക്യാമ്പു നടത്തുന്നവര്‍ക്കു വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിനെ തുടര്‍ന്ന് 56 വില്‍പ്പനശാലകള്‍ക്ക് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്. ഭക്ഷണം, തീ കായാനുള്ള മരത്തടി, ഡ്യൂണ്‍ ബഗ്ഗി തുടങ്ങിയവക്ക് അമിത വില ഈടാക്കുകയും ലൈസന്‍സിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയും ചെയ്തതായി വ്യക്തമായിട്ടുണ്ട്. സീലൈനിലും സമീപ പ്രദേശത്തെയും ഷോപ്പുകളിലാണ് മന്ത്രാലയം അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കും.
20 ഭക്ഷണശാലകള്‍, 24 ഡ്യൂണ്‍ ബഗ്ഗി വാടക ഷോപ്പുകള്‍, പത്ത് ക്യാംപ് ഫയര്‍ തടിവില്‍പ്പനക്കാര്‍, മറ്റ് രണ്ട് വില്‍പ്പനശാലകള്‍ എന്നിവയാണ് അമിതവില ഈടാക്കിയതായി കണ്ടെത്തിയത്. ബഗ്ഗി വാടക ഷോപ്പുകള്‍ക്ക് സ്ഥിര ലൈസന്‍സും മറ്റുള്ളവക്ക് താത്കാലിക ലൈസന്‍സുമാണ് നല്‍കിയിരുന്നത്. മന്ത്രാലയം ലൈസന്‍സ് അനുവദിക്കുമ്പോള്‍ നിശ്ചയിച്ച വിലയേക്കാള്‍ അധികമാണ് ഇവര്‍ ഈടാക്കിയത്.
അനുവാദമില്ലാതെയാണ് വില വര്‍ധിപ്പിച്ചത്. മിതമായ വിലയാണ് ഈടാക്കുകയെന്ന് ഇവര്‍ രേഖാമൂലം സമ്മതം അറിയിച്ചതാണ്. മരുഭൂ പ്രദേശങ്ങളില്‍ ശൈത്യകാല തമ്പുകള്‍ ഉയര്‍ത്താന്‍ പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കുന്നത്. പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് വാണിജ്യ മന്ത്രാലയം കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയത്.
ക്രമക്കേട് ശ്രദ്ധയില്‍പെട്ടാല്‍ 16001 എന്ന നമ്പറിലും [email protected] എന്ന ഇ മെയിലിലും അറിയിക്കാം.