കൗണ്‍സിലര്‍ക്ക് വധ ഭീഷണി

Posted on: December 29, 2015 6:45 pm | Last updated: December 29, 2015 at 6:45 pm

പാലക്കാട്: നഗരസഭമുപ്പതാം വാര്‍ഡ് നൂറണിയില്‍ നിന്ന് ഇടത്പക്ഷ സ്വതന്ത്ര കൗണ്‍സിലറായ ടി എം രാമചന്ദ്രനെ വധ ഭീഷണി. പീപ്പിള്‍ വാള്‍ ഗ്രൂപ്പ് എന്ന പേരിലാണ് ചില താത് പര്യകക്ഷികള്‍ ഊമക്കത്തയച്ചും മറ്റുമായി ഭീഷണിപ്പെടുത്തുന്നതായി പത്രസമ്മേളനത്തില്‍ രാമചന്ദ്രന്‍ അറിയിച്ചു. അഞ്ചു ദിവസം മുമ്പ് പീപ്പിള്‍ വാര്‍ ഗ്രൂപ്പ് എന്ന പേരില്‍ ഇംഗ്ലീഷിലെഴുതി ഊമക്കത്തില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം കുടുംബസഹിതം അക്രമിക്കുമെന്നും സൂചിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
പട്ടിക്കരയിലുള്ള പോസ്റ്റാഫീസില്‍ നിന്ന് 19ാം തീയതിയാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഉഷാ രാമചന്ദ്രനും ഇതേ വാര്‍ഡില്‍ മുമ്പ് കൗണ്‍സിലറായിരുന്നു. തിരെഞ്ഞടുപ്പ് സമയത്തും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ‘ഭീഷണിപ്പെടുത്തിയിരുന്നു. വാര്‍ഡിന്റെ സര്‍വ്വോന്മുഖമായ വികസന പ്രവര്‍ത്തനത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി പോരുന്നത് ടി എം രാമചന്ദ്രനാണ്.
എല്ലാ വിഭാഗം ജനങ്ങളോട് ഒരു പോലെ സൗഹൃദവും ബന്ധങ്ങളും വെച്ച് പുലര്‍ത്തുന്ന ടി എം ‘ഭീഷണിപ്പെടുത്താനുള്ള നീക്കത്തെ ശക്തിയായി ചെറുക്കുമെന്ന് സി പി എം ഏരിയാ സെക്രട്ടറി കെ വിജയന്‍ അറിയിച്ചു. ടി എം രാമചന്ദ്രനും എല്ലാ വിധം സുരക്ഷിതത്വവും പാര്‍ട്ടി നല്‍കും. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ജനുവരി ആദ്യവാരത്തില്‍ സി പി എം നൂറണിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും. മുന്‍ എം എല്‍ എ മാരായ ടി കെ നൗഷാദ്, എം നാരായണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.