കലോത്സവ കാഴ്ചകളിലേക്ക് കണ്‍തുറന്ന് കൊയിലാണ്ടി

Posted on: December 29, 2015 11:56 am | Last updated: December 29, 2015 at 11:56 am

കൊയിലാണ്ടി: കലയുടെ ഉത്സവ നാളുകളായി. റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊയിലാണ്ടിയില്‍ വേദികളുണര്‍ന്നു. ഇനി നാല് നാളുകള്‍ കലാകിരീടത്തിനു വേണ്ടിയുള്ള പോരാട്ടം. എണ്ണായിരത്തിലധികം പ്രതിഭകളാണ് വേദി നിറയുക. കൊയിലാണ്ടി ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് പ്രധാന വേദി. കലോത്സവത്തിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തി. രചനാ മത്സരങ്ങള്‍ ആദ്യ ദിവസം തന്നെ പൂര്‍ത്തിയായി. ഘോഷയാത്രയെ തുടര്‍ന്ന് കലോത്സവത്തിന്റെ ഉദ്ഘാടനം കെ ദാസന്‍ എം എല്‍ എ നിര്‍വഹിച്ചു.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. കൊയിലാണ്ടി നഗരസഭാധ്യക്ഷന്‍ കെ സത്യന്‍ അധ്യക്ഷത വഹിച്ചു. സി കെ നാണു എം എല്‍ എ, മുന്‍ എം എല്‍ എ പി വിശ്വന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ വി കെ പത്മിനി, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജു, കൗണ്‍സിലര്‍ വി പി ഇബ്രാഹിം കുട്ടി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ശോഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കൂമുളളി കരുണന്‍(ചെങ്ങോട്ടുകാവ്),ഷീജ പട്ടേരി(മൂടാടി), പി വല്‍സല, സി കെ നാണു, പി ടി എ പ്രസിഡണ്ട് യു കെ ചന്ദ്രന്‍ പ്രസംഗിച്ചു. ഡി ഡി ഇ ഡോ ഗിരീഷ് ചോലയില്‍ സ്വാഗതം പറഞ്ഞു. രമേശ് കാവില്‍ രചിച്ച് സുനില്‍ തിരുവങ്ങൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്.