ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞ നിരക്കില്‍; ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ധന വില ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

Posted on: December 28, 2015 9:07 am | Last updated: December 28, 2015 at 3:16 pm

Pumping gas

കൊച്ചി:രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 33 ഡോളര്‍ (2187 രൂപ) ആണ് ഇന്ത്യക്ക് ബാധകമായ വില. 2003ലാണ് ഇതിനേക്കാള്‍ കുറഞ്ഞ വില ക്രൂഡ് ഓയിലിന് അനുഭവപ്പെട്ടത്. അന്ന് ശരാശരി 29.05 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില. 2004ല്‍ വില 36.05 ഡോളറായി. അത് ക്രമേണ വര്‍ധിച്ചു 2012ല്‍ 120ന് മുകളില്‍ കടന്ന് റെക്കോഡ് സൃഷ്ടിച്ചിരുന്നു. 2004ന് മുമ്പ് 1980ലും (35.52 ഡോളര്‍) 81ലും (34 ഡോളര്‍) മാത്രമാണ് ക്രൂഡ് ഓയിലിന് ഇന്നത്തേതിനേക്കാള്‍ കുറഞ്ഞ വില രേഖപ്പെടുത്തിയത്.

എണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ കുത്തനെ താഴ്ന്നിട്ടും എണ്ണ ഉത്പന്നങ്ങളുടെ വിലയില്‍ ഇന്ത്യയില്‍ കാര്യമായ മാറ്റമൊന്നും ഇല്ലാതെ തുടരുകയാണ്. ലോക വിപണിയില്‍ അസംസ്‌കൃത എണ്ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്ന 2011- 12 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പെട്രോളിനും ഡിസലിനും ഉണ്ടായിരുന്ന വിലക്കൊപ്പമാണ് ഇന്നും. രാജ്യാന്തര വിപണിയില്‍ 2012ല്‍ 109.45 ഡോളറായിരുന്നു ക്രൂഡോയിലിന്റെ വില. അതേ വര്‍ഷം ഇന്ത്യയില്‍ പെട്രോളിന് 68.97 രൂപയും ഡീസലിന് 43.47 രൂപയുമായിരുന്നു. 2014 ജൂണ്‍ മുതലാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വിലത്തകര്‍ച്ച തുടങ്ങിയത്. അന്നത്തെ വിലയായ 109.5 ഡോളറില്‍ നിന്ന് ഇന്ന് അത് 33ല്‍ എത്തിനില്‍ക്കമ്പോള്‍ 75 ഡോളറിന്റെ (എതാണ്ട് 70 ശതമാനം) ഭീമമായ കുറവാണ് സംഭവിച്ചത്. എന്നാല്‍, അന്ന് പെട്രോളിന് 75.25 രൂപയും ഡീസലിന് 66.79 രൂപയുമായിരുന്നത് ഇന്ന് യഥാക്രമം 63.83 ഉം 50.65ഉം രൂപ എന്ന നിരക്കിലാണ് കേരളത്തിലെ വില. അതായത് രാജ്യാന്തര വിപണിയില്‍ എണ്ണക്ക് കുത്തനെ വിലയിടിഞ്ഞിട്ടും ആ കുറവിന്റെ ചെറിയൊരംശം മാത്രമാണ് ജനങ്ങളിലെത്തിയത്. രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവുകൂടി കണക്കിലെടുത്താല്‍ ഈ കുറവ് വളരെ തുച്ഛമായിരിക്കും. കഴിഞ്ഞ 15നാണ് രാജ്യത്തെ എണ്ണ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില അവസാനമായി കുറച്ചത്. പെട്രോളിന് അമ്പത് പൈസയും ഡീസലിന് 46 പൈസയും വില കുറച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം പെട്രോളിന് മുപ്പത് പൈസയും ഡിസലിന് 1.17 രൂപയും തീരുവ കൂട്ടി സര്‍ക്കാര്‍ ആ ആനുകൂല്യത്തിനുമേല്‍ കത്തിവെച്ചു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോള്‍ രാജ്യത്ത് അതിന്റെ ഗുണഭോക്താക്കല്‍ എണ്ണക്കമ്പനികളും സര്‍ക്കാറുമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലനിര്‍ണയം കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും എണ്ണക്കമ്പനികള്‍ക്ക് കൈമാറുമ്പോള്‍ കഴിഞ്ഞ യു പി എ സര്‍ക്കാറും ഇപ്പോള്‍ മോദി സര്‍ക്കാറും നല്‍കിയ വാഗ്ദാനം രാജ്യാന്തരതലത്തില്‍ എണ്ണവില കുറയുമ്പോള്‍ ആനുപാതകമായി ഇവിടെ ഇന്ധനവില കുറയുമെന്നായിരുന്നു. അങ്ങനെയെങ്കില്‍ കേന്ദ്ര- സംസ്ഥാന നികുതികളും സംസ്‌കരണ ചെലവും രൂപയുടെ മൂല്യശോഷണവും നാണ്യപ്പെരുപ്പവും എല്ലാം കൂടി കണക്കാക്കിയാലും 35നും നാല്‍പ്പതിനും രൂപക്ക് ഇടയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കാനാകും.

ഏഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് ഇന്ത്യയിലാണെന്നതാണ് മറ്റൊരു വിരോധാഭാസം. സാമ്പത്തികമായി ഇന്ത്യയേക്കാള്‍ വളരെ പിറകില്‍ നില്‍ക്കുന്ന അയല്‍രാജ്യങ്ങളില്‍ പോലും പെട്രോളിനും ഡീസലിനും വില വളരെ കുറവാണ്. പാക്കിസ്ഥാനില്‍ പെട്രോളിന് ഇന്ത്യന്‍ രൂപ 41.81 രൂപയും ഡീസലിന് 46.70 രൂപയുമാണ് വില. ശ്രീലങ്കയില്‍ അത് യഥാക്രമം 50.30, 46.70ഉം ബംഗ്ലാദേശില്‍ 40.80, 27.32ഉം നേപ്പാളില്‍ 63.24, 45.38ഉം ഇന്ത്യന്‍ രൂപയാണ് വില.

കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി ആറ് തവണ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ പെട്രോള്‍ വില ഇരുപത് രൂപയും ഡീസല്‍ വില പതിനഞ്ച് രൂപയും കുറയുമായിരുന്നു. ഇത്രയും തവണ തീരുവ കൂട്ടിയതിലൂടെ മാത്രം സര്‍ക്കാര്‍ ഇരുപതിനായിരം കോടി രൂപയിലേറേയാണ് ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ചത്. അസംസ്‌കൃത എണ്ണവില കൂടുമ്പോള്‍ അതിന്റെ ഭാരം ജനങ്ങളുടെ തലയില്‍ വെച്ചുകെട്ടുന്ന സര്‍ക്കാറും എണ്ണക്കമ്പനികളും വില കുറയുമ്പോള്‍ അതില്‍ നിന്നുള്ള ലാഭം കൈയിട്ടുവാരുകയാണ്.