പുതിയ തൊഴില്‍ നിയമം അടുത്ത ഡിസം.14ന് പ്രാബല്യത്തില്‍

Posted on: December 27, 2015 6:06 pm | Last updated: December 27, 2015 at 6:06 pm

constructionദോഹ: ഖത്വറിലെ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴില്‍ നിയമത്തിലെ മാറ്റങ്ങള്‍ അടുത്ത വര്‍ഷം ഡിസംബറില്‍ പ്രാബല്യത്തില്‍ വരും. കഫാല സംവിധാനത്തിലെയും എക്‌സിറ്റ് വിസ, തൊഴില്‍ കരാര്‍ തുടങ്ങിയ വകുപ്പുകളിലാണ് മാറ്റം വരുന്നത്. അടുത്ത ഡിസംബര്‍ 14ന് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് അല്‍ ശര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന നിശ്ചിത തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. ഖത്വര്‍ വിടാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് 72 മണിക്കൂര്‍ മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അര്‍ഹത പുതിയ നിയമം നല്‍കുന്നു. ഈ അപേക്ഷ ആദ്യഘട്ടത്തില്‍ നിരസിക്കപ്പെട്ടാല്‍ പ്രത്യേക ഗ്രീവന്‍സ് കമ്മിറ്റിക്ക് പരാതി നല്‍കാം. പുതിയ നിയമപ്രകാരം ഇത്തരമൊരു കമ്മിറ്റി നിലവില്‍ വരും. നിലവില്‍ തൊഴിലാളികള്‍ക്ക് രാജ്യം വിടണമെങ്കില്‍ സ്‌പോണ്‍സര്‍ അംഗീകരിച്ച എക്‌സിറ്റ് വിസ അനിവാര്യമാണ്. കരാര്‍ കാലാവധിയുടെ അവസാനം ജോലി മാറാനും വിദേശ തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടാകും. നിലവില്‍ കരാറിന്റെ അവസാനം തൊഴില്‍ ഉപേക്ഷിക്കുന്നയാള്‍ക്ക് (തൊഴിലുടമ പുതിയ ജോലിക്ക് വിസമ്മതിക്കുകയാണെങ്കില്‍) ഖത്വറില്‍ മറ്റൊരു ജോലിക്ക് എത്തണമെങ്കില്‍ രണ്ട് വര്‍ഷം കഴിയണം. മൊത്തം ജനസംഖ്യയുടെ 90 ശതമാനം ഏതാണ്ട് 20 ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ ഖത്വറിലുണ്ട്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായാണ് അധിക തൊഴിലാളികളും എത്തുന്നത്. 2020 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 25 ലക്ഷമാകും.