Connect with us

National

വ്യാപം അഴിമതി: രണ്ട് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ചു

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സിമാനിഷേന്‍ ബോര്‍ഡ്- വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് ആദ്യ വിധി. വ്യാപം കേസുകളിലൊന്നില്‍ രണ്ട് പേര്‍ക്ക് പ്രാദേശിക കോടതി മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ചു. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളിലാണ് ശിക്ഷ. 2013ലെ പ്രവേശന പരീക്ഷയില്‍ ക്രിതൃമം കാണിച്ചുവെന്നായിരുന്നു കേസ്. സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ഡി കെ മിത്തല്‍ പ്രതികള്‍ക്ക് 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അക്ഷത് സിംഗ് രാജാവത്(25), പ്രകാശ് ബാരിയ (28) എന്നിവര്‍ക്കാണ് ശിക്ഷ.
രാജസ്ഥാനിലെ ഭില്‍വാര സ്വദേശിയായ രാജാവത് മധ്യപ്രദേശിലെ ഝബുവയില്‍ നിന്നുള്ള ബാരിയക്ക് പകരമായി പരീക്ഷാ ഹാളില്‍ ഹാജരായെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മൃഗസംരക്ഷണ ശാസ്ത്രത്തില്‍ ഡിപ്ലോമക്കുള്ള പ്രവേശന പരീക്ഷയിലാണ് വ്യാജരേഖ ചമച്ച് ആള്‍മാറാട്ടം നടന്നത്. 2013 മെയ് 19നായിരുന്നു പരീക്ഷ. മധ്യപ്രദേശ് റെക്കൊഗനൈസ്ഡ് പരീക്ഷാ ആക്ടിലെ സെക്ഷന്‍ 420, 468 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. മൊത്തം 11 സാക്ഷികളെ വിസ്തരിച്ചുവെന്ന് കേസിലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രഭുലാല്‍ മാളവ്യ പറഞ്ഞു.
പരീക്ഷാ ഹാളില്‍ നിന്ന ഇന്‍വിജിലേറ്റര്‍ ഹാള്‍ ടിക്കറ്റിലെ ഫോട്ടോയില്‍ കൃത്രിമം കാണിച്ചത് കണ്ടു പിടിക്കുകയായിരുന്നു. ഇരുവര്‍ക്കെതിരെയും അന്ന് പോലീസ് കേസെടുക്കുകയായിരുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നതര്‍ ഉള്‍പ്പെട്ട നിരവധി കേസുകളില്‍ വിധി വരാനിരിക്കുകയാണ്.
കേസിലെ സാക്ഷികളും പ്രതികളും ദൂരൂഹ സാഹച്യത്തില്‍ ഒന്നിനു പിറകേ ഒന്നായി മരിച്ചു കൊണ്ടിരുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനെ ഈ കേസ് പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കേസില്‍ ഉന്നതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

---- facebook comment plugin here -----

Latest