Connect with us

National

അഫ്ഗാന്‍- ഡല്‍ഹി യാത്രക്കിടെ സംഭവിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി: കാബൂള്‍ സന്ദര്‍ശനത്തിനിടെ ജന്മദിനാശംസ നേരാന്‍ മോദി നവാസ് ശരീഫിനെ വിളിച്ചത് മുതലാണ് മോദിയുടെ അപ്രതീക്ഷിത പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞത്. കാബൂളില്‍ നിന്നും പാകിസ്താന് മുകളിലൂടെ പോകുന്നുണ്ടെന്നും നവാസ് ഇപ്പോള്‍ എവിടെയാണെന്നും മോദി ചോദിച്ചപ്പോള്‍ പേരക്കുട്ടിയുടെ വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടക്കുകയാണെന്ന് നവാസ് മറുപടി നല്‍കി. എന്നാല്‍ നേരിട്ടുകണ്ട് തന്നെ ആശംസ നേരാമെന്ന് മോദി അറിയിക്കുകയായിരുന്നു. ഫോണ്‍ വിളി അവസാനിച്ച ശേഷം തിരക്കിട്ട നയന്ത്ര നീക്കങ്ങളാണ് നടന്നത്.
ക്രിസ്മസ് അവധി ആഘോഷിക്കുകയായിരുന്ന പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി സി എ രാഘവന്‍ പോലും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞത് മോദി ട്വീറ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ്. ഇതേ തുടര്‍ന്ന് അദ്ദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ രാഘവന്‍ ഇസ്‌ലാമാബാദില്‍ നിന്നും ലാഹോറിലേക്ക് പറന്നെത്തി.
വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, എന്‍എസ്എ അജിത് ഡോവല്‍ തുടങ്ങിയ പ്രതിനിധികള്‍ക്ക് പാകിസ്ഥാനില്‍ ഇറങ്ങാന്‍ ഓണ്‍ അറൈവല്‍ വിസ ലഭിച്ചു. ഇതിനിടെയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ വിളിച്ച് താന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന കാര്യമറിയിച്ചത്.
ലാഹോറില്‍ നവാസിന്റെ വസതിയില്‍ ഒന്നര മണിക്കൂറോളം മോദി ചെലവഴിച്ചെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് ഇരുവരും സംസാരിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുവരും കുശലാന്വേഷണങ്ങള്‍ നടത്തി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ കുറിച്ചു സംസാരിച്ചുവെന്ന് ഇവര്‍ പറഞ്ഞു.
പാകിസ്താനില്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമദ് ചൗധരിക്ക് മാത്രമായിരുന്നു മോദിയുടെ സന്ദര്‍ശനത്തെ കുറിച്ച് അറിയാമായിരുന്നത്. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവയോ നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇസ്‌ലാമാബാദിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ പാക് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഫോണിലൂടെ അനുമതി നല്‍കി. ഇസ്‌ലാബാദില്‍ നിന്നും ലാഹോറിലേക്കുള്ള യാത്രക്കിടെ ഫോണ്‍ വഴിയാണ് സന്ദര്‍ശനത്തിന്റെ ഏകോപനം നടന്നത്.
നവാസ് ശരീഫിനും വിദേശകാര്യ സെക്രട്ടറിക്കും പുറമെ നവാസിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ശരീഫ്, പാക് ധനകാര്യമന്ത്രി ഇസ്ഹാഖ് ദര്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

Latest