മോഡിയെ മലയാളം ചാനലുകള്‍ ഒരു മണിക്കൂര്‍ മുമ്പേ ലാഹോറില്‍ എത്തിച്ചു!

Posted on: December 25, 2015 4:26 pm | Last updated: December 25, 2015 at 8:33 pm

ASIANET NEWSകോഴിക്കോട്: ഒരു സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം ടെലിഫോണില്‍ പറയുന്നുണ്ട്. ‘പുറപ്പെട്ടു. പുറപ്പെട്ടു. വേണേല്‍ അര മണിക്കൂര്‍ മുമ്പേ പുറപ്പെടാം’. അതുപോലെയായി ഇന്ന് മോഡിയുടെ പാക് സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്ത മാലയാളം ചാനലുകളുടെ അവസ്ഥ. കിടമത്സരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവര്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ പാക്കിസ്ഥാനില്‍ ‘എത്തിച്ചു’. മാത്രമല്ല, നവാസ് ശരീഫിന്റെ വീട്ടിലെത്തി കൂടിക്കാഴ്ചയും ആരംഭിച്ചുകളഞ്ഞു!

പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുന്നുവെന്ന വാര്‍ത്ത വന്നത് മുതല്‍ ചാനല്‍ ഡസ്‌കുകളില്‍ നിന്ന് സന്ദര്‍ശനത്തിന്റെ സാധ്യതകളെക്കുറിച്ച് ഘോരമായ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. 3.15ന് പ്രധാനമന്ത്രി ലാഹോറില്‍ ഇറങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇതനുസരിച്ച് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്യാന്‍ മത്സരിച്ച മലയാളം ചാനലുകള്‍ കൃത്യം 3.15ന് തന്നെ ബ്രേക്കിംഗ് ന്യൂസ് അടിച്ചു: പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാഹോറില്‍ എത്തി. നവാസ് ശരീഫ് മോഡിയെ സ്വീകരിച്ചു…. മനോരമ, മാതൃഭൂമി, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍ തുടങ്ങിയ ചാനലുകള്‍ ഇത്രയും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്ന് കൂടി ‘മികവ് ‘ കാട്ടി (അവര്‍ക്കാണല്ലോ ഒന്ന്കൂടി പാരമ്പര്യം കൂടുതലുള്ളത്). ‘നരേന്ദ്ര മോഡി ലാഹോറില്‍ എത്തി. തുടര്‍ന്ന് അദ്ദേഹം നവാസ് ശരീഫിന്റെ വീട്ടിലേക്ക് പോയി. വീട്ടില്‍ കൂടിക്കാഴ്ച നടക്കും’ ഇതായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്ത.

ASIANET NEWS 2

യഥാര്‍ഥത്തില്‍ മലയാളം ചാനല്‍ സ്‌ക്രീനുകുളില്‍ ഈ വാര്‍ത്ത മിന്നിമറിയുമ്പോള്‍ നരേന്ദ്ര മോഡി കാബൂളില്‍ നിന്ന് വിമാനം പോലും കയറിയിട്ടില്ലായിരുന്നു. ദേശീയ – അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികള്‍ എല്ലാം പ്രധാനമന്ത്രിയുടെ ചലനങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടും മലയാള മാധ്യമങ്ങള്‍ അതൊന്നും കണ്ട ഭാവമേ നടിച്ചില്ല. ദേശീയ ചാനലായ എന്‍ഡിടിവിക്ക് പറ്റിയ അദ്ധമാണ് മലയാളം ചാനലുകളെ കുടുക്കിയത്. എന്‍ഡിവി പിന്നീട് കാബൂളില്‍ നിന്ന് പ്രധാനമന്ത്രിയുടെ വിമാനം പുറപ്പെടുന്നതിന്റെ ദൃശ്യം തത്സമയം നല്‍കി മുഖം രക്ഷിച്ചു. അപ്പോഴും ചില മലയാളം ചാനലുകള്‍ പിടിച്ച പിടിയില്‍ നില്‍ക്കുകയായിരുന്നു.

media one live

3.50നാണ് പ്രധാനമന്ത്രിയെയും വഹിച്ച് പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ലാഹോറിലേക്ക് പുറപ്പെട്ടത്. അക്കിടി മനസ്സിലായതോടെ മനോരമ, മാതൃഭൂമി, മീഡിയവണ്‍ തുടങ്ങിയ ചാനലുകള്‍ ഫഌഷ് തിരുത്തി മുഖം രക്ഷിച്ചു. എന്നാല്‍ അപ്പോഴും ഏഷ്യാനെറ്റില്‍ മോഡി ശരീഫീന്റെ വീട്ടിലേക്ക് തിരിച്ചു എന്നായിരുന്നു ബ്രേക്കിംഗ് ന്യൂസ്! പ്രധാനമന്ത്രി യഥാര്‍ഥത്തില്‍ ലാഹോറില്‍ ഇറങ്ങിയത് വെെകീട്ട് 4.35നാണ്.