Connect with us

Palakkad

കയര്‍ തൊഴിലാളികള്‍ക്കായി സുരക്ഷ ബീമാ യോജന പദ്ധതി

Published

|

Last Updated

പാലക്കാട്: കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും, മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ലഭിക്കുന്ന കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷ ബീമാ യോജന പദ്ധതി നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴില്‍ വകുപ്പിന്റേയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടേയും സഹകരണത്തോടെയാവും പദ്ധതി നടപ്പിലാക്കുക.
ഇതിനായി 1.10 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. പദ്ധതിയില്‍ പങ്കാളികളാകുന്ന ക്ഷേമനിധി അംഗത്വമുളള കയര്‍ തൊഴിലാളികള്‍ക്ക് അപകടമരണത്തിനും സ്വാഭാവിക മരണത്തിനും, ഭാഗികമായ അവശതയ്ക്കും ധനസഹായം ലഭിയ്ക്കും. ഒമ്പതാം ക്ലാസ്സു മുതല്‍ പ്ലസ്ടു, ഐ ടി ഐ വരെയുളള കോഴ്‌സുകളില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന കയര്‍ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1200/- രൂപ വീതം ഈ പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പോളിസി വിതരണവും ജനുവരി പത്തിന് ഹരിപ്പാട് ഭവാനി ആഡിറ്റോറിയത്തില്‍ നടക്കും. ക്ഷേമനിധി അംഗത്വമുളള ഒരു ലക്ഷത്തി പതിനായിരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതിയില്‍ അംഗമാകുന്നതിനുളള അപേക്ഷ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫിസുകളിലും 28 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 31 വരെ സ്വീകരിക്കും. സംസ്ഥാനത്തെ നാലുലക്ഷത്തോളം വരുന്ന കയര്‍ തൊഴിലാളികളില്‍ ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന ഒരു ലക്ഷത്തിപതിനായിരം പേര്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗുണഭോക്ത്യ വിഹിതമായി 50 /- രൂപ അപേക്ഷയോടൊപ്പം അടക്കണം.
അപേക്ഷയേടൊപ്പം ക്ഷേമനിധി പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ ഹാജരാകണം. ക്ഷേമനിധി അംഗത്വമുള്ള എല്ലാ കയര്‍തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ എ.കെ.രാജനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം അബ്ദുല്‍സലീമുംഅറിയിച്ചു.

Latest