കാല്‍നടയാത്ര നരകയാത്രയാകുന്നു

Posted on: December 25, 2015 10:55 am | Last updated: December 25, 2015 at 10:55 am

കോഴിക്കോട്: കാല്‍നടയാത്ര നരകയാത്രയാകുകയാണ് നഗരത്തില്‍. പൊട്ടിപ്പൊളിഞ്ഞ ഫുട്പാത്തുകളും തകര്‍ന്ന കൈവരികളും മാഞ്ഞുപോയ സീബ്രാ ലൈനുകളും തെളിയാത്ത സിഗ്നല്‍ ലൈറ്റുകളും നഗരത്തിലെ റോഡിലിറങ്ങുന്നവരുടെ ജീവനു തന്നെ ഭീഷണിയാകുകയാണ്.
വന്‍ തോതില്‍ വിദ്യാര്‍ഥികളടക്കം റോഡ് മുറിച്ചു കടക്കുന്ന മാവൂര്‍ റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, മാനാഞ്ചിറ എന്നിവിടങ്ങളില്‍ മാഞ്ഞുപോയ സീബ്രാലൈന്‍ പുനഃസ്ഥാപിച്ചിട്ടില്ല. ഇത് കാല്‍നടക്കാര്‍ക്ക് മാത്രമല്ല, ഡ്രൈവര്‍മാര്‍ക്കും വിനയാണ്.
പലയിടത്തും ഫുട്പാത്തും കൈവരികളും തകര്‍ന്നുകിടക്കുകയാണ്. മാവൂര്‍ റോഡില്‍ ഫുട്പാത്ത് സ്ലാബുകള്‍ ഇളകിയിരിക്കുന്നു. പലയിടങ്ങളിലും കൈവരികള്‍ മുറിഞ്ഞ് റോഡിലേക്ക് തൂങ്ങിക്കിടക്കുകയാണ്.
നഗരം മോടികൂട്ടുന്നതിന്റെ ഭാഗമായി ഫുട്പാത്തുകളില്‍ ടൈല്‍ പാകിയും സ്റ്റീലിന്റെ കൈവരികള്‍ വച്ചുപിടിപ്പിച്ചും മനോഹരമാക്കിയിരുന്നു. എന്നാല്‍, ഇവയിലേറെയും പെട്ടെന്നുതന്നെ തകര്‍ന്നുപോയി. ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിച്ച ഇവ മാറ്റാനോ അറ്റകുറ്റപ്പണിനടത്താനോ അധികൃതര്‍ തയ്യാറാകുന്നില്ല. ചില സ്ഥലങ്ങളില്‍ കൈവരികള്‍ ഒരു ഭാഗത്തേക്ക് ചാഞ്ഞനിലയിലാണ്. സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള ഫുട്പാത്ത് പൂര്‍ണമല്ലാത്തതിനാല്‍ ശ്രദ്ധിക്കാതെ നടന്നാല്‍ നേരെ ഓടയിലായിരിക്കും വീഴുക. കോട്ടപറമ്പ് ആശുപത്രിക്ക് മുമ്പിലെ ഫുട്പാത്തുകളെല്ലാം തന്നെ തകര്‍ന്നിരിക്കുന്നു. ചവിട്ടിയാല്‍ ഇളകാത്ത ഒരു സ്ലാബു പോലും ആശുപത്രി പരിസരത്തില്ല.
സ്റ്റേഡിയം റോഡില്‍ കോറണേഷന്‍ തിയേറ്ററിനു മുമ്പിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ഫുട്പാത്ത് കൈയടക്കുന്നത് പതിവ് കാഴ്ചയാണ്.
ഫുട്പാത്ത് ഒഴിവാക്കി റോഡിലൂടെ സഞ്ചരിക്കാമെന്ന് വച്ചാല്‍ അതിനും പറ്റാത്ത സ്ഥിതിയാണ്. കാരണം മദ്യം വാങ്ങാനെത്തുന്നവര്‍ വാഹനങ്ങള്‍ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. പോലീസ് ക്വാര്‍ട്ടേഴ്‌സിന്റയും പോലിസ് ക്ലബിന്റെയും മൂക്കിന് താഴെയാണ് ഈ നിയമലംഘനം.